*നവംബർ 14 ന് എസ്.എൻ കോളേജിൽ നടക്കുന്ന കുട്ടികളുടെ മഹാസംഗമത്തിൽ മന്ത്രി പി.സി വിഷ്ണുനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും

ജില്ലയിലെ ഈ വർഷത്തെ ശിശുദിന റാലി പെൺകരുത്തിൽ വേറിട്ടതാകും. ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരങ്ങളിൽ വിജയിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറുമാകാൻ ഇക്കുറി അർഹരായത് മൂന്ന് പെൺകുട്ടികളാണ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് ജില്ലാ കലക്ടർ ആനി ജൂല തോമസ് ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സ്പീക്കറെയും പരിചയപ്പെടുത്തിയത്.
ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പട്ടത്താനം സർ യുപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബെറ്റി സാർത്രെയാണ് ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രി. യുപി വിഭാഗം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മൈനാഗപ്പള്ളി സ്വദേശിനിയും തേവലക്കര കോവൂർ യുപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ ഐഷ ബാജയെ കുട്ടികളുടെ പ്രസിഡന്റായും രണ്ടാം സ്ഥാനം ലഭിച്ച പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയും ഭരണിക്കാവ് സ്വദേശിനിയുമായ ഭവികാ ലക്ഷ്മി എ എസിനെ കുട്ടികളുടെ സ്പീക്കറായും തിരഞ്ഞെടുത്തു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് ഐഷ. രണ്ടു പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഭവിക എന്ന ഗൗരിക്കുട്ടി ബാലസാഹിത്യകാരിക്കുള്ള പൂവച്ചൽ ഖാദർ പുരസ്കാരവും നേടിയിട്ടുണ്ട്.
ശിശുദിന കലോത്സവത്തിലെ വിജയികൾക്ക് നവംബർ 14 ന് കൊല്ലം എസ്.എൻ കോളേജിൽ നടക്കുന്ന കുട്ടികളുടെ മഹാസംഗമത്തിൽ ടൂറിസം, സംസ്ക്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഒന്നാം സ്ഥാനം മുതൽ മൂന്നാം സ്ഥാനം വരെ നേടിയവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികൾ അറിയിച്ചു.
ജില്ലയെ ബാലസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പദ്ധതികൾ ശിശുക്ഷേമ സമിതി നടപ്പിലാക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയർ പേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു.
കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈൻദേവ്, നിർവാഹക സമിതി അംഗം കറവുർ എൽ വർഗീസ്, ആർ മനോജ് എന്നിവർ പങ്കെടുത്തു.




