ഗവര്‍ണറുടെ ശുപാര്‍ശ പി.എസ്.സി യെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം:ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണ് പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചതെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും ജനറല്‍ സെക്രട്ടറി എസ്.സജീവും പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി യിലെ ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കേണ്ടതെങ്ങനെയാണെന്ന് ആര്‍ട്ടിക്കിള്‍ 317 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 163 പ്രകാരമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കാനുള്ള അധികാരം മാത്രമുള്ള ഗവര്‍ണര്‍ തനിക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നിയമപരമായ യാതൊരു അന്വേഷണ റിപ്പോര്‍ട്ടിന്റെയും പിന്‍ബലമില്ലാതെ ഭരണഘടനാ പദവിയിലുള്ളവരെ പുറത്താക്കാന്‍ രാഷ്ട്രപതിയോടാവശ്യപ്പെടുന്നത് നഗ്‌നമായ അധികാര ദുര്‍വിനിയോഗവും ഭരണഘടനാ വിരുദ്ധവുമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പെട്ട മന്ത്രിസഭയെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗവര്‍ണറുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും യോജിച്ച് അണിനിരക്കേണ്ടതുണ്ട്.
കേരളത്തിലെ പി.എസ്.സി യുടെ പ്ലാനിംഗ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശരിയായ രീതിയില്‍ അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനു പകരം പി.എസ്.സിയുടെ വിശ്വാസ്യതയെ തകര്‍ക്കാനും സര്‍ക്കാര്‍ നിയമനങ്ങളെ അട്ടിമറിക്കാനുമുള്ള ഗൂഢ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തോളം നിയമന ശുപാര്‍ശ നടത്തിയ മറ്റൊരു പി.എസ്.സി യും ഇന്ത്യയിലില്ല. ഒരു പരീക്ഷയിലെ സാങ്കേതിക പിഴവിന്റെ പേരില്‍ സ്ഥാപനത്തെയാകെ നശിപ്പിക്കാന്‍ ഭരണഘടനാ സംരക്ഷണ ചുമതലയുള്ള ഗവര്‍ണര്‍ ശ്രമിക്കരുതെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Join Community
Enable Notifications OK No thanks