‘അർണബ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; മറ്റന്നാൾ കരതൊടും; കേരളത്തിലും മഴ മുന്നറിയിപ്പ്

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ഒക്ടോബർ 28-ന് ഉച്ചയ്ക്കു മുൻപായി ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

നിലവിൽ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് പടിഞ്ഞാറോട്ട് നീങ്ങുന്നത്. ഇന്ന് അർധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായും ഒക്ടോബർ 27-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് പ്രവചനം. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന അർണബ്, ബാപ്പറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗോപാൽപൂരിൽനിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്തുനിന്ന് 650 കിലോമീറ്ററും അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ കേന്ദ്രം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടേക്കാം.

കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനവും അന്തരീക്ഷത്തിലെ കാലാവസ്ഥാ മാറ്റങ്ങളും കണക്കിലെടുത്ത് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച (ഒക്ടോബർ 26) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.

എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

ഒക്ടോബർ 26-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം.

ചൊവ്വാഴ്ച (ഒക്ടോബർ 27) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ടാകും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് നിർവചിക്കുന്നത്.

Join Community
Enable Notifications OK No thanks