പ്രധാന വാർത്തകൾ – *ഗോത്രവര്‍ഗ ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കട; അച്ചന്‍കോവിലില്‍ ഉദ്ഘാടനം ചെയ്തു* • സുനാമി റെഡി പദ്ധതി മോക്ക് ഡ്രില്‍ 15ന്; തയ്യാറെടുപ്പ് യോഗം ചേര്‍ന്നു* • നീതിന്യായ വകുപ്പില്‍ കരാര്‍ നിയമനം; വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം

*ഗോത്രവര്‍ഗ ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കട; അച്ചന്‍കോവിലില്‍ ഉദ്ഘാടനം ചെയ്തു*

സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് അച്ചന്‍കോവില്‍ ആവണിപ്പാറയില്‍ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മവും സി അജയപ്രസാദ് എം എല്‍ എ നിര്‍വഹിച്ചു. ഊരിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതിലൂടെ ഏറെ ദൂരം സഞ്ചരിച്ച് റേഷന്‍ വാങ്ങാനെത്തണമെന്ന സാഹചര്യമാണ് ഒഴിവാകുന്നതെന്നും ഇത് ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണെന്നും എംഎല്‍എ പറഞ്ഞു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഊരുകളില്‍ നേരിട്ടെത്തിച്ചു നല്‍കുന്നതാണ് സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. ആവണിപ്പാറ ഊരിലെ 38 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാന്‍ അധ്യക്ഷയായ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വി, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ മനോജ് ടി കെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2773/2026)

*സുനാമി റെഡി പദ്ധതി മോക്ക് ഡ്രില്‍ 15ന്; തയ്യാറെടുപ്പ് യോഗം ചേര്‍ന്നു*

ആലപ്പാട് ഗ്രാമപഞ്ചായത്തിന് സുനാമി റെഡി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 15ന് സുനാമി മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. യുനെസ്‌കോയുടെ കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ ഓഷ്യനോഗ്രഫിക് കമ്മീഷന്‍ (IOC)), ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്(INCOIS), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്നതാണ് സുനാമി റെഡി പദ്ധതി. സുനാമി പോലുള്ള ദുരന്തസാധ്യതകളെ ഫലപ്രദമായി നേരിടുന്നതിനായി തീരദേശ സമൂഹങ്ങളുടെ അറിവും തയ്യാറെടുപ്പും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
തദ്ദേശവാസികള്‍, ജനപ്രതിനിധികള്‍, ദുരന്തനിവാരണ ഏജന്‍സികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് കൈമാറല്‍, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കല്‍, അടിയന്തര പ്രതികരണ സംവിധാനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.

മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് യോഗം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ എസ് സജീദ്, കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസ്,ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. രേഖ എം രവീന്ദ്രന്‍, നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ രാജന്‍ ബാബു,കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജീവ് എസ്,നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു കെ ഒ, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജയശ്രീ, സെക്രട്ടറി താര ആര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2774/2026)

 

*നീതിന്യായ വകുപ്പില്‍ കരാര്‍ നിയമനം; വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം*

ജില്ലയിലെ സിവില്‍ ജുഡീഷ്യല്‍ വകുപ്പിലെ വിവിധ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡഫേദര്‍ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി – കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി- ടൈപ്പിസ്റ്റ്, പരവൂര്‍ ഫാമിലി കോടതി – ഡഫേദര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള അപേക്ഷകരെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 2775/2026)

*പി ആര്‍ ഡിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിക്കാം*

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡൈ്വര്‍ടൈസിംഗില്‍ ഡിപ്ലോമയോ അല്ലെങ്കില്‍ ന്യൂ മീഡിയ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ നിര്‍മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബര്‍ 1ന് 30 വയസ്സ് കവിയരുത്.

അപേക്ഷകള്‍ ഓണ്‍ലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദനിര്‍ദേശങ്ങള്‍ prd.kerala.gov.in , cdit.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.
(പി.ആര്‍.കെ നമ്പര്‍ 2776/2026)

*സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ്*

തിരുവനന്തപുരം സി- ഡിറ്റില്‍ വിവിധ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്‌സുകള്‍. അവസാന തിയതി സെപ്റ്റംബര്‍ 20. വിവരങ്ങള്‍ക്ക്: https://mediastudies.cdit.org/ ഫോണ്‍: 9961491540, 8547720167.
(പി.ആര്‍.കെ നമ്പര്‍ 2777/2026)

*എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം*

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സൗജന്യ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം. 25 പേര്‍ക്കാണ് പ്രവേശനം. അപേക്ഷകര്‍ പ്ലസ് വണ്‍ പരീക്ഷ വിജയിച്ചവരും 18 വയസ് പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പരിശീലന കാലാവധി: 70 ദിവസം. https://forms.gle/da6v567JdnAvVVKq5 മുഖേന സെപ്റ്റംബര്‍ 20നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.iiic.ac.in ഫോണ്‍: 8078980000.
(പി.ആര്‍.കെ നമ്പര്‍ 2778/2026)

*അഭിമുഖം 16ന്*

കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.
പ്ലസ് ടു കഴിഞ്ഞ 18 നും 35 നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി സെപ്റ്റംബര്‍ 16ന് രാവിലെ 10 മുതല്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ ഇതുവരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അന്നേ ദിവസം രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍:- 8281359930, 8304852968, 7012853504.
(പി.ആര്‍.കെ നമ്പര്‍ 2779/2026)

*സ്‌പോട്ട് അഡ്മിഷന്‍*

എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള എഫ് ഡി ജി റ്റി, എഴുകോണ്‍, സെന്ററിലെ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബര്‍ 14 രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9447657997, 9605168843, 8075901486.
(പി.ആര്‍.കെ നമ്പര്‍ 2780/2026)

*പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു*

പട്ടികവര്‍ഗ വകുപ്പ് മുഖേന 2026-27 വര്‍ഷം പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷിക്കാം. ലംപ്‌സംഗ്രാന്റ്, സ്‌റ്റൈപ്പന്റ് തുടങ്ങിയ വിദ്യാഭ്യാസാനുകുല്യങ്ങള്‍ ലഭിക്കുന്നതിനായി അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന സെപ്റ്റംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0475 2222353.
(പി.ആര്‍.കെ നമ്പര്‍ 2781/2026)

Leave a Reply

Enable Notifications OK No thanks