ലക്ഷദ്വീപ് ജനതയ്ക്ക് മേൽ അമിതാധികാരപ്രയോഗം ;ലക്ഷ്യം നിർബന്ധിത പലായനം :സിപിഎ ലത്തീഫ്

നൂറ്റാണ്ടുകളായി സമാധാനപരമായി ജീവിച്ചിരുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മേൽ കേന്ദ്രസർക്കാർ അമിതാധികാരപ്രയോഗം നടത്തുന്നത് നിർബന്ധിത പലായനം ലക്ഷ്യം വച്ചാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
മനോഹരമായ ഭൂപ്രകൃതിയുള്ള ലക്ഷദ്വീപ് സ്വന്തമാക്കാൻ സ്വദേശ വിദേശ കോർപ്പറേറ്റുകൾ താല്പര്യമുള്ള പ്രകടിപ്പിച്ചു വരികയാണ്. നിരന്തരമായ വേട്ടയാടലുകളിലൂടെ തദ്ദേശീയരെ ആട്ടിയോടിക്കാം എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. ഈ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേഷൻ അടുത്തിടെ കൊണ്ടുവന്നതും ദ്വീപ് നിവാസികളുടെ കടുത്ത പ്രക്ഷോഭങ്ങൾക്ക് കാരണമായതുമായ ഏറ്റവും പുതിയ വിവാദ നിയമം ‘ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ 2026’ ആണ്. 2026 ജൂലൈ 28-ന് രാഷ്ട്രപതി ഒപ്പുവെച്ച ഈ നിയമം തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വന്നു.മാസ്റ്റർ പ്ലാൻ, റീജിയണൽ പ്ലാൻ എന്നിവയുടെ പേരിൽ ദ്വീപ് നിവാസികളുടെ ഭൂമിയും വീടുകളും ഉൾപ്പെടെയുള്ള സ്വത്തുക്കൾ വികസന ആവശ്യങ്ങൾക്കായി അഡ്മിനിസ്ട്രേഷന് ഏറ്റെടുക്കാൻ ഈ നിയമം വഴി സാധിക്കും.ചീഫ് ടൗൺ പ്ലാനറെ നിയമിക്കുന്നതും പ്ലാനിംഗ് ബോർഡിന്റെ തലവനാകുന്നതും അഡ്മിനിസ്ട്രേറ്റർ നേരിട്ടാണ്. തദ്ദേശ സ്ഥാപനങ്ങളുമായി (പഞ്ചായത്ത്) തർക്കമുണ്ടായാൽ പോലും അഡ്മിനിസ്ട്രേഷന്റെ തീരുമാനമായിരിക്കും അന്തിമം.
ദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം നീക്കിക്കൊണ്ട് അഡ്മിനിസ്ട്രേഷൻ പുതിയ നിയമം കൊണ്ടുവന്നു. ടൂറിസം വികസനത്തിന്റെ പേരിൽ ലൈസൻസോടെയുള്ള മദ്യവിൽപ്പനയും ഇറക്കുമതിയും അനുവദിച്ചു കൊണ്ടാണ് മദ്യനിരോധനം നീക്കിയത്.
അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം കവരത്തി സെക്രട്ടേറിയറ്റ്, ആശുപത്രികൾ, ഹെലിപാഡുകൾ, ജെട്ടികൾ തുടങ്ങിയ പൊതുസ്ഥലങ്ങളുടെ 150 മീറ്റർ ചുറ്റളവിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കി.ഇതിനു മുൻപ് 2021-ൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ കൊണ്ടുവന്ന ഗോവധ നിരോധനം, ഗുണ്ടാ ആക്ട് , രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്ക്, ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ എന്നീ നിയമങ്ങളും കേന്ദ്രസർക്കാർ ദ്വീപ് ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാറിന്റെ വംശീയ താല്പര്യത്തോടെ ദ്വീപ് ജനതയ്ക്ക് മേൽ നടത്തുന്ന അധികാര ദുർവിനിയോഗത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Enable Notifications OK No thanks