വാട്സ്ആപ്പിൽനിന്ന് നേരിട്ട് ഇൻസ്റ്റഗ്രാം റീൽസ് പങ്കിടാം; പുതിയ ഫീച്ചർ

 

വാട്സ്ആപ്പ് ചാറ്റുകളിലൂടെ ഇൻസ്റ്റഗ്രാം റീൽസ് പങ്കിടുന്നത് കൂടുതൽ ലളിതമാക്കാൻ പുതിയ ഫീച്ചറുമായി മെറ്റ. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യേക റീൽസ് ബട്ടൺ ഉൾപ്പെടുത്തുന്ന സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. ഇതിലൂടെ മീഡിയ പിക്കർ തുറന്ന് വിഡിയോകൾ തിരയാതെ തന്നെ ഇൻസ്റ്റഗ്രാം റീൽസുകൾ കണ്ടെത്തി വാട്സ്ആപ്പ് ചാറ്റുകളിൽ പങ്കിടാൻ സാധിക്കും.

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ നിരീക്ഷിക്കുന്ന ഡബ്ല്യുഎബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പ് 2.26.42.9 ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പുതിയ സൗകര്യം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ പ്രത്യക്ഷപ്പെടുന്ന റീൽസ് ബട്ടണിലൂടെ ഇൻസ്റ്റഗ്രാമിലെ വിഡിയോകൾ നേരിട്ട് ആക്സസ് ചെയ്യാനാകും.

അടുത്തിടെ കണ്ട റീൽസുകൾ, സേവ് ചെയ്ത വിഡിയോകൾ, ലൈക്ക് ചെയ്ത റീൽസുകൾ എന്നിവ പ്രത്യേകം ടാബുകളിലായി ക്രമീകരിച്ചാണ് ലഭിക്കുക. ഇതിൽനിന്ന് ആവശ്യമായ വിഡിയോ തിരഞ്ഞെടുത്ത് ചാറ്റിൽ പങ്കിടാം. ഇതോടെ റീൽസ് കണ്ടെത്തുന്നതിനും മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നതിനും വേണ്ടിവരുന്ന സമയവും നടപടികളും കുറയ്ക്കാനാകും.

എന്നാൽ പുതിയ സൗകര്യം ഉപയോഗിക്കാൻ വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വാട്സ്ആപ്പുമായി ലിങ്ക് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് നിലവിലുള്ള രീതിയിൽ ആപ്പുകൾ ഉപയോഗിക്കാം. അക്കൗണ്ടുകൾ ബന്ധിപ്പിക്കാത്തവർക്ക് ചാറ്റിലെ പുതിയ റീൽസ് ബട്ടൺ ലഭിക്കില്ല.

നിലവിൽ വാട്സ്ആപ്പിലൂടെ ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും പോസ്റ്റുകളും സ്റ്റോറികളും റീൽസുകളും പങ്കിടാൻ സാധിക്കുമെങ്കിലും ഉള്ളടക്കം കണ്ടെത്താൻ അധിക നടപടികൾ ആവശ്യമാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചാറ്റിൽനിന്നുതന്നെ റീൽസുകൾ തിരഞ്ഞെടുത്ത് പങ്കിടാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം.

അതേസമയം, ഫീച്ചർ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത എല്ലാവർക്കും ഇത് ലഭിക്കണമെന്നില്ല. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ലഭ്യമാക്കിയശേഷം ഘട്ടംഘട്ടമായി കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് നീക്കം. എല്ലാ ഉപയോക്താക്കൾക്കുമായി ഫീച്ചർ പുറത്തിറക്കുന്ന തീയതി വാട്സ്ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Join Community
Enable Notifications OK No thanks