ലുലു ഗ്രൂപ്പ് ചെയർമാൻ ഇടപെട്ടു അശ്വതിക്ക് ആശ്വാസം ഒപ്പം കുടുംബത്തിനും

രാത്രി രണ്ട് മണിക്ക് യൂസുഫലി സാറിന്റെ മെസേജ് : വീട് ജപ്തിയായി പെരുവഴിയിലായ ത്രോബോൾ താരം അശ്വതിയുടെ 35 ലക്ഷം ലോൺ കുടിശ്ശിക അടച്ച് ലുലു ഗ്രൂപ്പ്‌

തളിപ്പറമ്പ്  : ഏഴ് വർഷത്തോളം കേരളത്തിനായി ദേശീയ ത്രോബോൾ മത്സരങ്ങളിൽ തിളങ്ങിനിന്ന അശ്വതിയും കുടുംബവും ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാൻ കഴിയാതെ കടുത്ത ദുരിതത്തിലായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഭർതൃമാതാവ് സുനീല ഭൂമിയുടെ പ്രമാണം പണയപ്പെടുത്തി ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ വീടുപണി പൂർത്തിയാകും മുൻപേ ആ കുടുംബത്തിന് മേൽ ദുരന്തങ്ങളുടെ കരിനിഴൽ വീണു. ഭർതൃപിതാവ് വിഷം തീണ്ടി അവശാവസ്ഥയിലായതും, വൃക്കരോഗിയായ സുനീലയ്ക്ക് ജോലിക്ക പോകാൻ കഴിയാത്തതും ആ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പൂർണ്ണമായും തകർത്തു.

ഇതിനിടയിൽ ഭർത്താവ് നിതിൻ ജോലിസ്ഥലത്ത് നിന്ന് വീണ് കാലൊടിഞ്ഞതോടെ വരുമാനമാർഗവും പൂർണ്ണമായി നിലച്ചു. അങ്ങനെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷത്തിന്റെ കടം പലിശയും കൂട്ടപ്പലിശയും ചേർന്ന് 34 ലക്ഷത്തിലേറെയായി ഉയർന്നു. ഒടുവിൽ ബാങ്ക് ആ വീട് ജപ്തി ചെയ്യുകയും ചെയ്തു. ജപ്തിക്കിടയിൽ വീട്ടിലെ സാധനങ്ങൾ പോലും പുറത്തെടുക്കാൻ കഴിയാതെ ആ കുടുംബം വീടിനോട് ചേർന്നുള്ള ഒറുമുറി ഷെഡിലേക്കാണ് താമസം മാറ്റിയത്. ആറുപേർ കഴിയുന്ന ആ ഷെഡിൽ ആകെ1ഉണ്ടായിരുന്ന ഒരു കട്ടിൽ മാത്രമായിരുന്നു ആശ്രയം. ദിവസവും ഇൻസുലിൻ ഉപയോഗിക്കുന്ന സുനീലയുടെ മരുന്നുകൾ സൂക്ഷിക്കാനുള്ള ഫ്രിഡ്ജും കുഞ്ഞുങ്ങളുടെ ഭക്ഷണവും വസ്ത്രങ്ങളും വീടിനുള്ളിൽ കുടുങ്ങിപ്പോയി.

ആറു വയസ്സുകാരി ആയകൃക്കും രണ്ടുവയസ്സുകാരി ആമിയക്കും സുരക്ഷിതമായി ഉറങ്ങാൻ പോലും ഇടമില്ലാത്ത അവസ്ഥ. അടച്ചുറപ്പില്ലാത്ത ആ ഷെഡിൽ രാത്രിയിൽ മാറിമാറി കാവൽ നിന്നായിരുന്നു ആ കുടുംബം ഉറങ്ങിയിരുന്നത്. രോഗവും പശിയും ഒരുപോലെ വേട്ടയാടുമ്പോഴും, രണ്ട് കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഭയമായിരുന്നു അശ്വതിയെ ഓരോ നിമിഷവും അലട്ടിയിരുന്നത്. സഹായം തേടി പലതവണ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് ലണ്ടനിൽ ഔദ്യോഗിക യാത്രയിലായിരുന്ന എം.എ. യൂസഫലി സാറിന്റെ ശ്രദ്ധയിൽ ഈ കുടുംബത്തിന്റെ ദുരിതവാർത്ത എത്തുന്നത്.

വാർത്ത കണ്ടയുടൻ യാതൊരു മടിയുംകൂടാതെ, രാത്രി രണ്ടുമണിക്ക് വാട്സാപ്പിലൂടെ അദ്ദേഹം തന്റെ ജീവനക്കാരനായ എൻ.ബി. സ്വരാജിന് നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്ന് പലിശയും കൂട്ടപ്പലിശയും ഉൾപ്പെടെ 34,53,387 രൂപയുടെ മുഴുവൻ വായ്പാ കുടിശ്ശികയും യൂസഫലി സാർ ഒറ്റയടിക്ക് അടച്ചുതീർത്തു. ബാങ്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ വീട് കൈമാറുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ തന്നെ താക്കോൽ കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Follow Our Facebook Page
Enable Notifications OK No thanks