തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി പീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ പെൺസുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം. പീഡനത്തിനിരയായ പെൺകുട്ടിയുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് ഫോൺ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളെ സ്പാകളിലേക്ക് എത്തിക്കുന്നതിൽ പെൺസുഹൃത്തിന് പങ്കുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരുവനന്തപുരത്തെ മറ്റു സ്പാകളിലേക്കും പെൺകുട്ടികളെ എത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അനുരൂപിന് ഒന്നിലധികം സ്പാകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസിൽ അന്തർസംസ്ഥാന ബന്ധം കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണച്ചുമതല കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിന് കൈമാറി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആന്ധ്രപ്രദേശിലെ പെൺകുട്ടിയുടെ സ്വദേശത്ത് എത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തമിഴ്‌നാട്ടിലെ ഗുഡുവാഞ്ചേരി പൊലീസും അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. തമിഴ്‌നാട്ടിലെ ഒരു സ്പായിൽവെച്ചും പീഡനമുണ്ടായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുഡുവാഞ്ചേരി പൊലീസും കേസെടുത്തിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അന്വേഷണങ്ങൾ ഏകോപിപ്പിക്കുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

