ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്തി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇപ്സോസ് പുറത്തിറക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 32 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ മലേഷ്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്. സിംഗപ്പൂർ രണ്ടാം സ്ഥാനവും നേടി. ആരോഗ്യസംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ വിലയിരുത്തിയാണ് ‘ഇപ്സോസ് ക്വാളിറ്റി ഓഫ് കെയർ പെർസെപ്ഷൻ ഇൻഡക്സ്’ തയ്യാറാക്കിയത്.
ഇന്ത്യയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ ജനങ്ങൾക്ക് താരതമ്യേന ഉയർന്ന വിശ്വാസമുണ്ടെന്നാണ് സർവേയിലെ പ്രധാന കണ്ടെത്തൽ. ഡോക്ടറെ കാണുന്നതിനുള്ള സൗകര്യം, ഫാർമസികളിലെ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതേസമയം, ചികിത്സയ്ക്കുള്ള ഉയർന്ന ചെലവ് രാജ്യത്തെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരത്തെ 68 ശതമാനം പേർ അനുകൂലമായി വിലയിരുത്തി. 2026 ജൂലൈ 13 മുതൽ ഓഗസ്റ്റ് 7 വരെ ഇപ്സോസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് 32 രാജ്യങ്ങളിലായി സർവേ നടത്തിയത്.
ഇന്ത്യയിൽ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എളുപ്പത്തിൽ ലഭിക്കുമെന്ന് 73 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഈ കാര്യത്തിൽ ഇന്ത്യയാണ് മുന്നിലെന്നും റിപ്പോർട്ട് പറയുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും ജനറൽ പ്രാക്ടീഷണർമാരെ കാണാൻ ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഫാർമസികളിലെ സേവനങ്ങളെക്കുറിച്ചും ഇന്ത്യക്കാർക്കിടയിൽ അനുകൂലമായ അഭിപ്രായമാണ് നിലനിൽക്കുന്നത്. ഫാർമസികളിൽ അധികനേരം കാത്തിരിക്കേണ്ടിവരുന്നില്ലെന്ന് 81 ശതമാനം പേർ അഭിപ്രായപ്പെട്ടു.
ആരോഗ്യസംരക്ഷണ രംഗത്ത് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം ചികിത്സയുടെ സാമ്പത്തികഭാരമാണെന്ന് സർവേ വ്യക്തമാക്കുന്നു. മികച്ച നിലവാരത്തിലുള്ള ചികിത്സ സാധാരണക്കാർക്ക് സാമ്പത്തികമായി താങ്ങാനാവാത്തതാണെന്ന് 74 ശതമാനം ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു.
ചികിത്സയുടെ ഗുണനിലവാരമില്ലായ്മയും ശുചിത്വക്കുറവും മറ്റു പ്രധാന ആശങ്കകളായി ഉയർന്നുവന്നു. 36 ശതമാനം പേർ ഗുണനിലവാരമില്ലാത്ത ചികിത്സയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ 28 ശതമാനം പേർ വൃത്തിക്കുറവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പ്രമേഹം പ്രധാന ആരോഗ്യപ്രശ്നമായി തുടരുന്നതായും സർവേ സൂചിപ്പിക്കുന്നു. ഇതിനു പുറമെ മാനസികാരോഗ്യപ്രശ്നങ്ങൾ, സമ്മർദ്ദം, അമിതവണ്ണം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും ജനങ്ങൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളുടെ പട്ടികയിലുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങളെ 37 ശതമാനം പേരും സമ്മർദ്ദത്തെ 33 ശതമാനം പേരും അമിതവണ്ണത്തെ 20 ശതമാനം പേരും ലഹരിവസ്തുക്കളുടെ ഉപയോഗത്തെ 14 ശതമാനം പേരും പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടി.
ഇപ്സോസ് സർവേയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ റാങ്കിങ് താഴെ നൽകുന്നു.
- മലേഷ്യ
- സിംഗപ്പൂർ
- ഇന്ത്യ
- വിയറ്റ്നാം
- ഓസ്ട്രേലിയ
- നെതർലൻഡ്സ്
- തായ്ലൻഡ്
- ദക്ഷിണ കൊറിയ
- സ്പെയിൻ
- ദക്ഷിണാഫ്രിക്ക
- ബെൽജിയം
- ഇന്തോനേഷ്യ
- സ്വീഡൻ
- അർജന്റീന
- ന്യൂസിലൻഡ്
- ഫ്രാൻസ്
- അയർലൻഡ്
- ഗ്രേറ്റ് ബ്രിട്ടൻ
- കാനഡ
- അമേരിക്ക
- തുർക്കി
- ജപ്പാൻ
- മെക്സിക്കോ
- ജർമനി
- ബ്രസീൽ
- ഇറ്റലി
- ചിലി
- റൊമാനിയ
- കൊളംബിയ
- പോളണ്ട്
- പെറു
- ഹംഗറി

