പിഎസ്‌സി പരീക്ഷാ ക്രമക്കേട്: തീരുമാനങ്ങൾ ചെയർമാനും ഹരിയും ചേർന്ന്; ക്രൈംബ്രാഞ്ചിന് മൊഴി നൽകി സെക്രട്ടറി

 

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി പിഎസ്‌സി സെക്രട്ടറി. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെയർമാൻ കൂട്ടായ ആലോചനകൾ നടത്താറില്ലെന്നും ചെയർമാൻ എം.ആർ. ബൈജുവും അഡീഷണൽ സെക്രട്ടറി ആർ. ഹരി ഹരികുമാറും ചേർന്നാണ് പല തീരുമാനങ്ങളും കൈക്കൊള്ളാറുള്ളതെന്നും സെക്രട്ടറി മൊഴി നൽകിയതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പരീക്ഷാ കൺട്രോളറെയും മുൻ പിഎസ്‌സി ചെയർമാനെയും ചോദ്യം ചെയ്യാനും നീക്കമുണ്ട്.

അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേട് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് കേസിലെ പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഹരികുമാർ നേരത്തേ നൽകിയ മൊഴി. പരീക്ഷയുടെ ചോദ്യപേപ്പറുകൾ മൂല്യനിർണയം നടത്തിയത് ഡെപ്യൂട്ടി സെക്രട്ടറിയാണെന്നും സെക്രട്ടറി സതീഷിന്റെ നിർദേശപ്രകാരമാണ് വാല്യുവേഷൻ നടപടികൾ അവസാനിപ്പിച്ചതെന്നും ഹരി വിശദീകരിച്ചു. പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടപ്പോൾ മറുപടി നൽകുന്നതിനിടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുനർമൂല്യനിർണയത്തിനുള്ള വിഷയം സെക്രട്ടറി ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ തുടർനടപടികൾ സ്വീകരിച്ചില്ലെന്നും മൊഴിയിലുണ്ട്. ആരെയും ബോധപൂർവം സഹായിച്ചിട്ടില്ലെന്നും ഹരി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ ഹരിയെ കൊച്ചിയിൽനിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ക്രമക്കേട് നടന്ന പരീക്ഷയുടെ മൂല്യനിർണയ ചുമതല ഹരിക്കായിരുന്നു.

ഹരിക്കൊപ്പം മൂല്യനിർണയ ചുമതല വഹിച്ചിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതി ചേർത്തതിനു പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ചെയർമാൻ എം.ആർ. ബൈജുവിന്റെ അടുത്ത വിശ്വസ്തനാണ് ഹരിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. കമ്മിഷനിലെ ചില അംഗങ്ങളും ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. ചെയർമാനും ഹരിയും ചേർന്ന് മറ്റ് അംഗങ്ങളുമായി കൂടിയാലോചന നടത്താതെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാറുണ്ടെന്നാണ് ഇവരുടെ മൊഴി. ഈ സാഹചര്യത്തിൽ പരീക്ഷാ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Enable Notifications OK No thanks