തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കാന്തപുരം വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ. നിലവിലെ വഖഫ് ബോർഡ് അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവയ്ക്കുകയും പകരം കാന്തപുരം വിഭാഗം നിർദേശിക്കുന്ന പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്യും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകളിലാണ് സമവായത്തിലെത്തിയത്. ഇതോടെ മറ്റന്നാൾ നടത്താനിരുന്ന പ്രതിഷേധ പരിപാടിയിൽനിന്ന് കാന്തപുരം വിഭാഗം പിന്മാറിയേക്കും.

തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന പരാതിയാണ് കാന്തപുരം വിഭാഗത്തെ സർക്കാരിനെതിരേ പരസ്യ പ്രതിഷേധത്തിലേക്ക് നയിച്ചത്. വർഷങ്ങളായി ഇടതുപക്ഷവുമായി പുലർത്തിയിരുന്ന ബന്ധത്തിൽനിന്ന് മാറി തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചിട്ടും വഖഫ് ബോർഡിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന അതൃപ്തിയിലായിരുന്നു വിഭാഗം. വഖഫ് ബോർഡിലടക്കം പ്രാതിനിധ്യം ഉറപ്പാക്കുമെന്ന ഉറപ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലംഘിച്ചെന്നായിരുന്നു പ്രധാന ആരോപണം.
പ്രതിഷേധം രാഷ്ട്രീയമായി തിരിച്ചടിയാകാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. മുസ്ലിം ലീഗ് നേതാക്കളുടെ സഹായത്തോടെയാണ് സമവായ നീക്കങ്ങൾ മുന്നോട്ടുപോയത്. പൊന്നാനി എംഎൽഎ കെ.പി. നൗഷാദലിയും ചർച്ചകളിൽ നിർണായക പങ്കുവഹിച്ചു.
സമവായത്തിന്റെ ഭാഗമായി വഖഫ് ബോർഡിൽനിന്ന് രാജിവയ്ക്കുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ് കമ്മിറ്റി ചെയർമാനാക്കാനാണ് ധാരണ. എന്നാൽ, വഖഫ് ബോർഡ് അംഗത്വത്തിന് പകരമായി ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാമെന്ന നിർദേശം കാന്തപുരം വിഭാഗം നേരത്തേ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് വഖഫ് ബോർഡിൽത്തന്നെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കം ശക്തമായത്.
അതേസമയം, വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലി ഇ.കെ. വിഭാഗം സുന്നികൾക്കിടയിലും അതൃപ്തി ഉയരുന്നുണ്ട്. സമസ്തയ്ക്ക് അർഹമായ പരിഗണന നൽകുന്നത് പ്രീതിപ്പെടുത്തലല്ലെന്നും യാഥാർഥ്യം അംഗീകരിക്കലാണെന്നും എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇ.കെ. വിഭാഗത്തിൽനിന്ന് എം.പി. മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമർശിച്ചതിനെത്തുടർന്ന് മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ് അദ്ദേഹമെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, താൻ ഇ.കെ. സുന്നി വിഭാഗത്തിന്റെ പ്രതിനിധിയാണെന്നും കാന്തപുരത്തെയും ജിഫ്രി തങ്ങളെയും കാണുമെന്നും വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി വ്യക്തമാക്കി.
സമവായ ധാരണ നടപ്പാക്കുന്നതിനായി നിലവിലെ ഹജ് കമ്മിറ്റി അധികം വൈകാതെ പിരിച്ചുവിട്ടേക്കും. തുടർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ് കമ്മിറ്റി ചെയർമാനായി നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

