31-ാമത് കേരളം രാജ്യാന്തര ചലച്ചിത്രമേള (IFFK). നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് കാത്തിരിപ്പിന്റെ ഇടവേളകൾ കുറച്ച്, സ്ക്രീനിന് മുന്നിൽ പരമാവധി സമയം ചെലവഴിക്കാനാകുന്ന ചലച്ചിത്രോത്സവo.

തിരുവനന്തപുരം:നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് കാത്തിരിപ്പിന്റെ ഇടവേളകൾ കുറച്ച്, സ്ക്രീനിന് മുന്നിൽ പരമാവധി സമയം ചെലവഴിക്കാനാകുന്ന ചലച്ചിത്രോത്സവമായിരിക്കും 31-ാമത് കേരളം രാജ്യാന്തര ചലച്ചിത്രമേള (IFFK). രാവിലെ ഏഴിന് ആദ്യ പ്രദർശനം ആരംഭിക്കും. രാത്രി വൈകിയും സിനിമകൾ പ്രദർശിപ്പിക്കും. ടാഗോർ തിയേറ്ററിൽ 24 മണിക്കൂറും പ്രദർശനം ഒരുക്കും. ദീർഘനേരം കാത്തുനിന്നിട്ടും സിനിമ കാണാനാകാതെ മടങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി, ഓരോ സിനിമാസ്വാദകനും തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ചിത്രങ്ങൾ തിരഞ്ഞെടുക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ.

ഉള്ളടക്കത്തിന്റെ മികവുകൊണ്ടും സംഘാടനത്തിലെ സവിശേഷതകൊണ്ടും ജനപങ്കാളിത്തത്തിന്റെ കരുത്തുകൊണ്ടും ലോകശ്രദ്ധ നേടിയ ഐഎഫ്എഫ്കെയുടെ ജനകീയ മുഖം അതേ കരുത്തോടെ, കാന്തിയോടെ നിലനിർത്തും. തിരുവനന്തപുരം തന്നെയായിരിക്കും മേളയുടെ സ്ഥിരം വേദി. വിദേശ ചലച്ചിത്ര പ്രതിനിധികൾക്ക് കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യം പരിചയപ്പെടുത്താൻ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാനവീയം വീഥിയിലെ സാംസ്‌കാരിക പരിപാടികൾക്കൊപ്പം കനകക്കുന്നിൽ ആറു ദിവസങ്ങളിലായി അനുഷ്ഠാനകലകളുടെ അവതരണവും അരങ്ങേറും. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളുടെ പങ്കാളിത്തത്തോടെ സിനിമയും കലയും സംസ്കാരവും വിനോദസഞ്ചാരവും കൈകോർക്കുന്ന മഹോത്സവമായി ഇത്തവണത്തെ ഐഎഫ്എഫ്കെ മാറും.

ചലച്ചിത്രമേളയുടെ സ്വാഗതസംഘം രൂപീകരണയോഗം അഭൂതപൂർവമായ പങ്കാളിത്തത്തോടെ നടന്നു.

ഇനി കാത്തിരിപ്പിന്റെ നാളുകൾ…

പി.ആർ സുമേരൻ.

Enable Notifications OK No thanks