എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്; അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും

 

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ വ്യത്യസ്തമായ രചനാശൈലിയിലൂടെ ശ്രദ്ധേയനായ മേതിൽ രാധാകൃഷ്ണന് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി ലഭിക്കുക. കെ.ജി.എസ് അധ്യക്ഷനായ ജൂറിയാണ് ജേതാവിനെ നിർണയിച്ചത്. കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. എം.പി. സുരേന്ദ്രനായിരുന്നു മെമ്പർ സെക്രട്ടറി.

മലയാളത്തിന്റെ പതിവ് സാഹിത്യസങ്കൽപ്പങ്ങളിൽനിന്ന് മാറി സഞ്ചരിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. സവിശേഷമായ സൗന്ദര്യബോധവും വ്യത്യസ്തമായ വീക്ഷണവും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടുനിർത്തുന്നു. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം തുടങ്ങിയ വിജ്ഞാനമേഖലകളെ സാഹിത്യവുമായി ചേർത്തിണക്കിയുള്ള രചനാരീതിയും അദ്ദേഹത്തെ ആധുനികോത്തര സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റിയെന്ന് മന്ത്രി പറഞ്ഞു.

പത്താം ക്ലാസ് പഠനത്തിനുശേഷം ഉപരിപഠനത്തിനായി കാത്തിരിക്കുന്ന കാലത്താണ് മേതിൽ എഴുത്തിലേക്ക് കടന്നത്. പൊൻകുന്നം വർക്കിയുടെ ആത്മകഥയായ ‘എന്റെ വഴിത്തിരിവി’നെ വിമർശിച്ചെഴുതിയ ലേഖനം നവയുഗം വാരികയിൽ പ്രസിദ്ധീകരിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് പതിനെട്ടാം വയസ്സിൽ എഴുതിയ ‘ഒക്ടോപ്പസ്സിന്റെ ശവം’ എന്ന കഥയും സാഹിത്യലോകത്ത് ചർച്ചയായി. ഭാഷാപരമായ പരീക്ഷണങ്ങളും വക്രോക്തി പ്രയോഗങ്ങളും കൊണ്ട് ആ രചന വായനക്കാരിൽ കൗതുകമുണർത്തി.

ചിറ്റൂർ ഗവൺമെന്റ് കോളേജിൽനിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും ബിരുദവും പൂർത്തിയാക്കിയ മേതിൽ, പഠനകാലത്തുതന്നെ നോവൽ രചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളിലൊന്നായ ‘സൂര്യവംശം’ ബിരുദപഠനത്തിന്റെ അവസാനവർഷത്തിലാണ് എഴുതിത്തുടങ്ങിയത്. നിരവധി തിരുത്തലുകൾക്കും മാറ്റങ്ങൾക്കും ശേഷമാണ് കൃതി പൂർത്തിയാക്കിയത്. പിന്നീട് ഈ നോവൽ മലയാളത്തിൽ വ്യത്യസ്തമായൊരു സാഹിത്യവായനയ്ക്കും പുതിയൊരു വായനാസമൂഹത്തിനും വഴിയൊരുക്കി.

നോവലിലും കഥയിലും മാത്രം ഒതുങ്ങിനിൽക്കാതെ കവിത, ഹൈക്കു, ശാസ്ത്രലേഖനങ്ങൾ, പംക്തികൾ തുടങ്ങി വിവിധ മേഖലകളിൽ മേതിൽ തന്റെ സാന്നിധ്യമറിയിച്ചു. ‘ബ്രാ’, ‘സൂര്യമത്സ്യത്തെ വിവരിക്കൽ’, ‘ആൽബട്രോസിന്റെ കരച്ചിൽ’, ‘ഡിലൻ തോമസ്സിന്റെ പന്ത്’, ‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം’, ‘മൂന്നുവരകൾ’, ‘ദൈവം, മനുഷ്യൻ, യന്ത്രം’, ‘മേതിൽ 19’ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ രചനാലോകത്തിന്റെ വൈവിധ്യം വ്യക്തമാക്കുന്നു.

മലയാള സാഹിത്യത്തിൽ സ്വന്തമായൊരു വഴിയിലൂടെ സഞ്ചരിച്ച മേതിലിനെ വായനക്കാർ വിശേഷിപ്പിച്ചത് ‘എഴുത്തുകാരുടെ എഴുത്തുകാരൻ’, ‘സാഹിത്യത്തിലെ ഒറ്റയാൻ’ എന്നിങ്ങനെയാണ്. പുരസ്‌കാരങ്ങൾക്കായുള്ള മത്സരങ്ങളിൽനിന്ന് അകലം പാലിച്ചിരുന്ന അദ്ദേഹത്തെ തേടിയെത്തിയ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിലെ വ്യത്യസ്തമായ സാഹിത്യപ്രതിഭയ്ക്കുള്ള അംഗീകാരമായി മാറുകയാണ്.

Enable Notifications OK No thanks