പൊന്നാനിയിൽ നടന്ന സി.പി.ഐ(എം) മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിലെ സ്വാഗതപ്രസംഗത്തിനിടെ പി. നന്ദകുമാർ നടത്തിയ പ്രസ്താവന ഇന്നും പൊതുജനങ്ങൾക്ക് കാണാവുന്നതാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ:
“മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല.”
ഒരു ജില്ലയെ ഒന്നാകെ മതമൗലിക വർഗീയവാദികളുടെ കേന്ദ്രമായി വിശേഷിപ്പിക്കുന്നതിലെ രാഷ്ട്രീയ ഔചിത്യമില്ലായ്മ തിരുത്തപ്പെടേണ്ടതാണ്.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിൽനിന്ന് ഇത്തരം പരാമർശങ്ങളുണ്ടാകുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.
തെറ്റുതിരുത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുമെന്ന് ആവർത്തിക്കുന്ന നേതൃത്വം ഈ വിഷയത്തിൽ എന്ത് തിരുത്തലാണ് വരുത്തിയിട്ടുള്ളത്?
മാധ്യമങ്ങൾ സൃഷ്ടിച്ച വിവാദമാണിതെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകുമോ?
മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചതെങ്കിൽ, പാർട്ടിയുടെ ഔദ്യോഗിക യോഗത്തിൽ നേതാക്കൾ സന്നിഹിതരായിരിക്കെ നടത്തിയ പ്രസംഗത്തിലെ ആ വാക്കുകൾ ആരുടേതാണ്?
പ്രസ്താവന റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ വിമർശിക്കുന്നതിനുപകരം അതിലെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് ആത്മപരിശോധന നടത്തുകയല്ലേ വേണ്ടത്?
പറഞ്ഞത് തെറ്റാണെങ്കിൽ അത് തുറന്നുപറയാനുള്ള ആർജവമാണ് വേണ്ടത്. തെറ്റുപറ്റുന്നത് മനുഷ്യസഹജമാണ്; തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് യഥാർഥ രാഷ്ട്രീയ ധാർമികത.
പൊതുജനങ്ങൾക്ക് ഇന്നും കാണാവുന്ന പ്രസംഗത്തെ ന്യായീകരിക്കുന്ന വൃദ്ധനേതൃത്വത്തിന്റെ നിലപാടാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
തിരുത്തൽ ആവശ്യപ്പെടുന്നവരെ കുറ്റപ്പെടുത്തുകയല്ല, തെറ്റുണ്ടെങ്കിൽ അത് അംഗീകരിക്കുകയാണ് വേണ്ടത്.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തിൽ വർഗീയത ആരോപിക്കുന്നവർ സ്വന്തം രാഷ്ട്രീയ ബന്ധങ്ങളെയും നിലപാടുകളെയും ഇതേ അളവുകോലിൽ പരിശോധിക്കണം. വർഗീയതയെ എതിർക്കുന്നുവെന്ന അവകാശവാദം എതിരാളികളെ കുറ്റപ്പെടുത്തുന്നതിലൂടെ മാത്രം തെളിയിക്കാനാവില്ല. സ്വന്തം പക്ഷത്തും രാഷ്ട്രീയ കൂട്ടാളികൾക്കിടയിലും ഉയരുന്ന വർഗീയ പ്രവണതകളോടും അതേ നിലപാട് സ്വീകരിക്കണം.
പൊന്നാനിയിലെ രാഷ്ട്രീയ ചരിത്രവും ഈ സന്ദർഭത്തിൽ പ്രസക്തമാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചിരുന്ന സി.പി.ഐയെ അവിടെനിന്ന് മാറ്റി വയനാട്ടിലേക്ക് മത്സരിക്കാൻ നിർബന്ധിതമാക്കിയ രാഷ്ട്രീയ തീരുമാനവും, തുടർന്ന് പൊന്നാനി മണ്ഡലത്തിൽ അബ്ദുൽ നാസർ മഅ്ദനിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് ഇടം നൽകിയതും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ അവകാശവാദങ്ങൾ വിലയിരുത്തുമ്പോൾ വിസ്മരിക്കാനാവില്ല.
അന്നത്തെ രാഷ്ട്രീയ തീരുമാനങ്ങളെയും ഇന്നത്തെ നിലപാടുകളെയും ഒരേ രാഷ്ട്രീയ മാനദണ്ഡത്തിൽ വിലയിരുത്തേണ്ടതുണ്ട്.
എതിരാളികൾക്ക് ഒരു മാനദണ്ഡവും സ്വന്തം പക്ഷത്തിനും രാഷ്ട്രീയ കൂട്ടാളികൾക്കും മറ്റൊരു മാനദണ്ഡവും എന്ന സമീപനം മതനിരപേക്ഷ രാഷ്ട്രീയമല്ല.
വർഗീയതയെ എതിർക്കുന്നുവെങ്കിൽ അത് എല്ലാവരുടെയും കാര്യത്തിൽ ഒരേ നിലപാടോടെ വേണം. രാഷ്ട്രീയ നേട്ടങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുന്നത് രാഷ്ട്രീയ സത്യസന്ധതയല്ല.
ഇവിടെ പ്രശ്നം ഒരു പ്രസംഗത്തിലെ വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല.
തെറ്റായ രാഷ്ട്രീയ പ്രയോഗങ്ങൾ ഉണ്ടായാൽ അവ തിരുത്താനുള്ള ആർജവം നേതൃത്വത്തിനുണ്ടോ എന്നതാണ് പ്രധാനം. തെറ്റുതിരുത്തുമെന്ന് പ്രഖ്യാപിക്കുകയും അതേസമയം തെറ്റുകൾ ന്യായീകരിക്കുകയും ചെയ്യുന്നുവെങ്കിൽ ജനങ്ങളുടെ വിശ്വാസം എങ്ങനെ തിരിച്ചുപിടിക്കും?
വിപുലീകൃത കമ്മിറ്റി യോഗങ്ങൾ നടത്തുന്നതുകൊണ്ടുമാത്രം ഒരു പാർട്ടിയുടെ രാഷ്ട്രീയം വിപുലീകരിക്കപ്പെടില്ല. കാലത്തിനനുസരിച്ച് നിലപാടുകൾ പുനഃപരിശോധിക്കുകയും തെറ്റുകൾ തുറന്നുപറഞ്ഞ് തിരുത്തുകയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം.
അതിന് വേണ്ടത് പ്രായോഗികമായ രാഷ്ട്രീയ മാറ്റമാണ്; വിശദീകരണങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ആവർത്തനമല്ല.
കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാത്തതും വിമർശനങ്ങളെ ഉൾക്കൊള്ളാത്തതും തെറ്റുകൾ തിരുത്താൻ മടിക്കുന്നതുമായ വൃദ്ധനേതൃത്വത്തെ മാറ്റിനിർത്തി പുതിയ രാഷ്ട്രീയ ബോധ്യങ്ങൾക്കും ഉത്തരവാദിത്തത്തിനും ഇടം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിപുലീകരിക്കേണ്ടത് കമ്മിറ്റി യോഗങ്ങളല്ല; ജനങ്ങളുമായുള്ള ബന്ധവും ജനാധിപത്യബോധവും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയുമാണ്. തിരുത്തൽ വാക്കുകളിൽ മാത്രം പോരാ; അത് രാഷ്ട്രീയ നിലപാടുകളിലും നേതൃത്വത്തിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കണം.

