കാസര്‍കോട് ജില്ലാതല പട്ടയമേള മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.
ഭൂമിയുടെ അനിശ്ചിതത്വത്തില്‍ നിന്ന് ജനങ്ങളെ അതിന്റെ അവകാശബോധത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് സര്‍ക്കാറെന്നും ഒരു സര്‍ക്കാറിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ് പട്ടയ വിതരണമെന്നും ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കാസര്‍കോട് ജില്ലാതല പട്ടയമേള കാസര്‍കോട് നഗരസഭ കോൺഫറൻസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റേത് എന്ന് ചേര്‍ത്ത് പിടിക്കുമ്പോള്‍ ലഭിക്കുന്ന അവകാശബോധവും പട്ടയം കൈപറ്റി ലഭിച്ച സ്ഥലത്തേക്ക് അര്‍ഹത ലഭിച്ചവര്‍ കാലെടുത്ത് വെക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന അനുഭവവും സംതൃപ്തിയുമാണ് അതിന്റെ ഫലം. ഭവനപദ്ധതികളില്‍ അപേക്ഷിക്കുന്ന അര്‍ഹരായവര്‍ ഭൂമിയുടെ അവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം പിന്തള്ളപ്പെടാറുണ്ട് പട്ടയമേളകള്‍ അത്തരം പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരമാണ് .പട്ടയം ലഭിക്കുന്ന മണ്ണില്‍ കൃഷി ചെയ്തും സ്വന്തമായി വീട് വെച്ചും സ്വസ്ഥമായി താമസിക്കാന്‍ എല്ലാവര്ക്കും സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
കാസർകോട് ജില്ലയിൽ 289 പട്ടയങ്ങൾ വിതരണം ചെയ്തു
കാസര്‍കോട് ജില്ലാ പട്ടയമേള കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം ഉറപ്പാക്കിക്കൊണ്ട് ജില്ലയില്‍ 289 പട്ടയങ്ങള്‍ വിതരണം ചെയ്തു. 287 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും രണ്ട് മുനിസിപ്പല്‍ പട്ടയങ്ങളും ഇതില്‍ പെടുന്നു. കല്ലട്ര മാഹിന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, കെ.നീലകണ്ഠന് എന്നിവര്‍ വിശിഷ്ടാതിഥികളായി. കാസര്‍കോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെയ്ഫുള്ള തങ്ങള്‍, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ മധുകര, ആർ.ഡി.ഒമാരായ എം.എസ് വിജുകുമാർ, പി.സുദീപ്,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആയ പി.കെ. ഫൈസല്‍, എ. അബ്ദുല്‍ റഹമാന്, സി.പി. ബാബു, രാഘവ ചേരാല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് സ്വാഗതവും എ.ഡി.എം പി.ഉദയകുമാര്‍ നന്ദിയും പറഞ്ഞു.

