പച്ചീരി ഫാറൂഖിനെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന കമ്മറ്റി സസ്പെൻറ്റ് ചെയ്തു എന്ന വാർത്ത ആദ്യമായി അറിഞ്ഞത് പത്രത്തിലൂടെയാണ്. അതിന് ശേഷം ചാനൽ ടെൻ മലപ്പുറം എന്ന ദൃശ്യ മാധ്യമത്തിൽ അദ്ദേഹത്തിന്റെ പത്ര സമ്മേളനവും കണ്ടു. സസ്പെൻഷന്റെ ശെരി തെറ്റുകളും രാഷ്ട്രീയ കാരണങ്ങളും എന്തൊക്കെയായാലും ഫാരൂഖ് എന്ന പൊതു പ്രവർത്തകനെ കുറിച്ച് എനിക്കുള്ള അനുഭവമാണ് ഇവിടെ കുറിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ പലതരം നേതാക്കളുണ്ട്. നന്നായി പ്രവർത്തിക്കുന്നവരുണ്ട്. നന്നായി പ്രസംഗിക്കുന്നവരുമുണ്ട്. പ്രവർത്തനത്തേക്കാളും പ്രസംഗത്തിന് പ്രാധാന്യം നൽകുന്നവരുമുണ്ട്. അതുപോലെ, വലിയ പ്രസംഗങ്ങളോ ശ്രദ്ധേയമായ ജനകീയ പ്രവർത്തനങ്ങളോ ഒന്നും നടത്താതെ ജില്ലാ-സംസ്ഥാന നേതാക്കളുടെ ചുറ്റും നടന്ന് പരിചയങ്ങളും ബന്ധങ്ങളും ഉപയോഗിച്ച് ക്രമേണ ‘നേതാവ്’ എന്ന പേരിലെത്തുന്നവരുമുണ്ട്. രാഷ്ട്രീയത്തിലെ മറ്റൊരു കൗതുകകരമായ യാഥാർഥ്യം കൂടിയുണ്ട്. ഒരുപാട് പ്രസംഗിക്കുന്നവർ പലപ്പോഴും പ്രവർത്തനത്തിൽ പിശുക്കന്മാരായിരിക്കും. ഒരുപാട് പ്രവർത്തിക്കുന്നവർക്ക് ചിലപ്പോൾ ആ പ്രവർത്തനങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കാൻ കഴിയണമെന്നില്ല. എന്നാൽ പെരിന്തൽമണ്ണയിലെ പച്ചീരി ഫാറൂഖിനെ വിലയിരുത്തുമ്പോൾ ഈ പതിവ് രാഷ്ട്രീയ അളവുകോലുകളെല്ലാം മാറ്റിവെക്കേണ്ടിവരും. കാരണം, ജില്ലാ-സംസ്ഥാന നേതാക്കളുടെ ഇടയിലൂടെ നടന്ന് പേരെടുക്കുന്ന നേതാവല്ല ഫാറൂക്ക്. ആരുടെയെങ്കിലും തണലിൽ നിന്നുകൊണ്ട് സ്വന്തം രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കിയ വ്യക്തിയുമല്ല. സ്വന്തം പ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ സ്ഥാനം നേടിയ നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പെരിന്തൽമണ്ണയിലെ രാഷ്ട്രീയത്തിൽ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ എനിക്ക് തോന്നുന്ന കാര്യം ഇതാണ്: സ്വന്തം വാർഡിലായാലും പെരിന്തൽമണ്ണയിലെ ജനങ്ങൾക്കിടയിലായാലും, മറ്റാരുടെയും പിന്തുണയില്ലാതെ സ്വന്തം നിലയിൽ മത്സരിച്ചാൽ പോലും ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ കഴിയുന്ന ‘വൺ ആൻഡ് ഒൺലി’ നേതാക്കളിൽ ഒരാളാണ് പച്ചീരി ഫാറൂഖ്.
പരാതി കേൾക്കുന്നവനും പ്രശ്നം ഓർത്തുവയ്ക്കുന്നവനും“
=================
ഒരു സാധാരണ പൗരൻ ഒരു രാഷ്ട്രീയ നേതാവിനെ സമീപിക്കുന്നത് പലപ്പോഴും വലിയ പ്രതീക്ഷയോടെയാണ്. വെള്ളത്തിന്റെയോ വെളിച്ചത്തിന്റെയോ ഒരു റോഡിന്റെ പ്രശ്നമായിരിക്കാം. ഒരു സർക്കാർ ഓഫീസിലെ നിയമങ്ങളുടെ തടസ്സമായിരിക്കാം. നഗരസഭയുമായി ബന്ധപ്പെട്ട കാര്യമാകാം. വ്യക്തിപരമായ ഒരു സങ്കടമായിരിക്കാം. ഒരു കുടുംബത്തിന്റെ അടിയന്തര ആവശ്യമാകാം. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് മറ്റൊന്നാണ്. പരാതി പറയുന്ന വ്യക്തി കൺ മുന്നിൽ നിൽക്കുന്ന സമയത്ത് നേതാവ് വളരെ ഗൗരവത്തോടെ കേൾക്കും. പരിഹരിക്കാമെന്ന് ഉറപ്പുനൽകും. എന്നാൽ ആ വ്യക്തി അവിടെനിന്ന് മാറിയാൽ, അതോടൊപ്പം ആ പ്രശ്നവും നേതാവിന്റെ ഓർമ്മയിൽനിന്ന് മാഞ്ഞുപോകും. എന്നാൽ പച്ചീരി ഫാറൂക്കിന്റെ വ്യത്യസ്തത ഇവിടെയാണ്. അദ്ദേഹത്തോട് ഒരു പ്രശ്നം പറഞ്ഞാൽ അത് കേൾക്കുക മാത്രമല്ല; അത് ഓർത്തുവയ്ക്കുകയും പരിഹാരം കാണുന്നതുവരെ അതിന്റെ പിന്നാലെ പോകുകയും ചെയ്യുന്ന ഒരു പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിനുള്ളത്. അതാണ് ഒരു ജന പ്രതിനിധിയുടെയും ഒരു സാധാരണ രാഷ്ട്രീയക്കാരന്റെയും വ്യത്യാസം. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നവർ ധാരാളമുണ്ട്. പക്ഷേ കേട്ട പ്രശ്നം സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് പരിഹരിക്കുന്നവർ വളരെ കുറവാണ്.
അഞ്ച് വർഷം നടന്നില്ലാത്ത
കാര്യം അഞ്ച് മിനിറ്റിൽ“
==================
എന്നെ സംബന്ധിച്ചിടത്തോളം പച്ചീരി ഫാറൂഖിന്റെ ഈ പ്രത്യേകത വെറും ഒരു രാഷ്ട്രീയ വിലയിരുത്തലല്ല. എന്റെ സ്വന്തം അനുഭവമാണ്. പെരിന്തൽമണ്ണ നഗരസഭയിൽ 5 വർഷത്തോളം നടന്നിട്ടും എവിടെയും എത്താതെ കിടന്ന ഒരു കാര്യം എനിക്കുണ്ടായിരുന്നു. വീട്ടുകാർ പലതവണ ശ്രമിച്ചിട്ടും പരിഹാരം കാണാതെ നീണ്ടുപോയ ആ വിഷയത്തിൽ, ഒരു ദിവസം ഞാൻ നേരിട്ട് പഴയ നഗര സഭയിലേക്ക് കയറി ചെല്ലുന്നത് നഗര സഭക്കുള്ളിൽ നിന്നും ദൂരെ നിന്ന് എന്നെ കണ്ട പച്ചീരി ഫാറൂഖ് സാഹിബ് അടുത്ത് വന്ന് ചോദിച്ചു, എന്താ തങ്ങളെ ഈ വഴിക്ക്? എന്താ കാര്യം? അദ്ദേഹത്തോട് ഞാൻ കാര്യം പറഞ്ഞു. വിഷയം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അവിടെ വലിയ പ്രസംഗമൊന്നുമുണ്ടായില്ല. വലിയ രാഷ്ട്രീയ ഇടപെടലുകളുടെ പ്രകടനവുമുണ്ടായില്ല. അദ്ദേഹം എന്നെ സന്ദർശകർക്കുള്ള ഒരു കസേരയിൽ ഇരുത്തി പറഞ്ഞു. 5 മിനുട്ട് ഇവിടെ ഇരിക്കൂ… ഇപ്പോൾ ശെരിയാക്കി തരാം. അഞ്ചുവർഷം കൊണ്ട് നടക്കാതെ പോയ കാര്യം, അദ്ദേഹത്തിന്റെ ഇടപെടലിലൂടെ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കപ്പെട്ടത് എന്റെ സ്വന്തം അനുഭവമാണ്. നഗര സഭയിലേക്കുള്ള 5 കൊല്ലത്തെ പോക്കുവരവ് ദുരിതത്തിനാണ് അദ്ദേഹം അവസാനം കുറിച്ചത്. അതാണ് പച്ചീരി ഫാറൂഖ് എന്ന പൊതുപ്രവർത്തകൻ. അദ്ദേഹത്തിന്റെ വിമർശകർക്ക് ഇതെല്ലാം ഒരു ചെറിയ കാര്യമാണെന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ ജനാധിപത്യത്തിൽ ഒരു പൗരന്റെ പ്രശ്നം ചെറുതല്ല. ഇത്തരം സേവനങ്ങൾ കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളിൽ ജീവിക്കും. ഒരു സാധാരണ മനുഷ്യന്റെ പ്രശ്നത്തിന് പരിഹാരം കാണുമ്പോഴാണ് ഒരു നേതാവിന്റെ യഥാർത്ഥ വലിപ്പം അളക്കപ്പെടുന്നത്.
ഫാറൂഖ് ജനഹൃദയങ്ങളിൽ
ജീവിക്കുന്ന നേതാവ് “
=================
രാഷ്ട്രീയത്തിൽ നേതാവാകാൻ ഇന്ന് പല വഴികളുമുണ്ട്. പാർട്ടി പദവികൾ നേടാം. വലിയ നേതാക്കളുടെ അടുപ്പക്കാരനാകാം. അവരുടെ കൂടെ സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. വേദികളിൽ പ്രസംഗിക്കാം.
സോഷ്യൽ മീഡിയയിൽ സജീവമാകാം. പത്രക്കാരുമായി ചങ്ങാത്തം കൂടി പത്രങ്ങളിൽ വാർത്ത വരുത്താം. പക്ഷേ ഇതെല്ലാം കഴിഞ്ഞിട്ടും ഒരു ചോദ്യം ബാക്കിയാണ്: ജനങ്ങൾക്കിടയിൽ സ്വന്തം പേരിൽ എത്രമാത്രം വിശ്വാസമുണ്ട്? പാർട്ടി ബാനറില്ലാതെ മുന്നണികളുടെ കൂട്ടുകെട്ടില്ലാതെ സ്വന്തം വാർഡിൽ പോലും മത്സരിച്ചാൽ വിജയിക്കുമോ? ആ വിശ്വാസമാണ് വിജയമാണ് ഒരു നേതാവിന്റെ യഥാർത്ഥ സമ്പത്ത്. പച്ചീരി ഫാറൂഖിന്റെ പ്രത്യേകത അതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി ഒരു പദവിയിൽ നിന്നോ ഒരു വലിയ നേതാവിന്റെ പിന്തുണയിൽ നിന്നോ മാത്രം വരുന്നതല്ല. ജനങ്ങൾക്കിടയിൽ അദ്ദേഹം നേടിയെടുത്ത വ്യക്തിപരമായ വിശ്വാസത്തിൽ നിന്നാണ് അത് വരുന്നത്. അതുകൊണ്ടാണ്, മറ്റാരുടെയും രാഷ്ട്രീയ പിന്തുണയില്ലാതെ സ്വന്തം നിലയിൽ മത്സരിച്ചാലും ജനങ്ങൾക്കിടയിൽ സ്വീകാര്യതയോടെ നിൽക്കാൻ കഴിയുന്ന നേതാവായി അദ്ദേഹത്തെ കാണുന്നത്. പ്രസംഗത്തേക്കാൾ വലിയൊരു ഭാഷയുണ്ട്. രാഷ്ട്രീയത്തിൽ പ്രസംഗം ആവശ്യമാണ്. നല്ല വാക്കുകൾ പറയാനും ജനങ്ങളെ ആശയങ്ങളിലൂടെ സ്വാധീനിക്കാനും കഴിയണം. പക്ഷേ പ്രസംഗത്തിന് ഒരു പരിധിയുണ്ട്. എന്നാൽ പ്രവർത്തനത്തിന് ഒരിക്കലും പരിധിയില്ല.
ഒരു നേതാവ് ഒരു മണിക്കൂർ പ്രസംഗിക്കുന്നത് ആയിരങ്ങൾ കേൾക്കും. എന്നാൽ ഒരാളുടെ പ്രശ്നം പരിഹരിച്ചാൽ ആ വ്യക്തിയും കുടുംബവും ആ നേതാവിനെ ജീവിതകാലം മുഴുവനും ഓർക്കും. അതിനാൽ ജന സേവനത്തിന്റെ യഥാർത്ഥ ഭാഷ പ്രസംഗമല്ല; പ്രവർത്തിയാണ്. പച്ചീരി ഫാറൂക്കിനെ വ്യത്യസ്തനാക്കുന്നതും ഈ പ്രവർത്തനത്തിന്റെ ഭാഷയാണ്.
‘നേതാവ്’ എന്ന പേര്
ജനങ്ങൾ നൽകുമ്പോൾ“
==================
പദവികൾ പാർട്ടി നൽകാം. സ്ഥാനങ്ങൾ പാർട്ടി നൽകാം. ചുമതലകൾ പാർട്ടി നൽകാം. പക്ഷേ ‘നേതാവ്’ എന്ന പേര് ജനങ്ങളാണ് നൽകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ, ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ, പറഞ്ഞ കാര്യം മറക്കാതെ പരിഹാരം കാണുമ്പോൾ, ഒരു നേതാവിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ സ്വാഭാവികമായി ഒരു വിശ്വാസം രൂപപ്പെടുന്നു.
അതാണ് യഥാർത്ഥത്തിൽ രാഷ്ട്രീയത്തിന്റെ മൂലധനം. പച്ചീരി ഫാറൂക്കിനെക്കുറിച്ച് പറയുമ്പോൾ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു പദവിയല്ല, ഒരു പ്രസംഗവുമല്ല. ജനങ്ങൾക്കിടയിൽ അദ്ദേഹം നേടിയെടുത്ത വിശ്വാസമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത് വേദികളിലെ പ്രസംഗങ്ങളുടെ എണ്ണം നോക്കിയല്ല. എത്ര മനുഷ്യരുടെ പ്രശ്നങ്ങൾ അദ്ദേഹം ഓർത്തുവച്ചു? എത്ര പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി? എത്ര മനുഷ്യർക്ക് ‘ഫാറൂക്കിനോട് പറഞ്ഞാൽ കാര്യം നടക്കും’ എന്ന വിശ്വാസമുണ്ട്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ യഥാർത്ഥ അളവ്. അതെ, അതുകൊണ്ടാണ് പെരിന്തൽമണ്ണയുടെ രാഷ്ട്രീയത്തിൽ പച്ചീരി ഫാറൂക്കിനെ കുറിച്ച് പറയുമ്പോൾ എനിക്ക് ഒരു വിശേഷണം മാത്രം മതിയാകുന്നത്: പദവികളുടെ തണലിൽ വളർന്ന നേതാവല്ല; ജനങ്ങളുടെ വിശ്വാസത്തിൽ വളർന്ന നേതാവാണ് ഫാറൂഖ്. ആര് തുണച്ചാലും ഇല്ലെങ്കിലും സ്വന്തം വാർഡിൽ മത്സരിച്ചാൽ വിജയം ജനങ്ങൾ ഏറ്റെടുക്കുന്ന പെരിന്തൽമണ്ണയിലെ വൺ ആൻഡ് ഒൺലി പച്ചീരി ഫാറൂഖ്.

