വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ. പുക പുറന്തള്ളുന്നതിന്റെ അളവ് മാത്രം പരിശോധിച്ച് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്ക് പകരം, ബ്രേക്കിങ് സമയത്തെ മലിനീകരണം, ടയർ തേയ്മാനം, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ശേഷി എന്നിവയ്ക്കും പ്രാധാന്യം നൽകുന്നതാണ് പുതിയ നിർദേശം. 2029 ഏപ്രിൽ മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന ഭാരത് സ്റ്റേജ് ഏഴ് (ബിഎസ്-VII) മാനദണ്ഡങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് പുതിയ നിർദേശങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ വാഹന മലിനീകരണ നിയന്ത്രണ സംവിധാനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യൂറോപ്പിൽ നടപ്പാക്കുന്ന യൂറോ 7 മലിനീകരണ നിയന്ത്രണ ചട്ടങ്ങളുമായി സാമ്യമുള്ളതാണ് പുതിയ മാനദണ്ഡങ്ങൾ.
ഇലക്ട്രിക് വാഹനങ്ങൾക്കും നിയന്ത്രണം
പുക പുറന്തള്ളാത്തതിനാൽ ഇലക്ട്രിക് വാഹനങ്ങൾ മലിനീകരണം സൃഷ്ടിക്കുന്നില്ലെന്ന ധാരണയ്ക്ക് അപ്പുറത്തേക്ക് നീങ്ങുന്നതാണ് പുതിയ പരിശോധനാരീതി. വാഹനങ്ങളുടെ ബ്രേക്കുകൾ ഉപയോഗിക്കുമ്പോൾ പുറത്തുവരുന്ന കണികകളും ടയറുകൾ തേയുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണവും ഇനി വിലയിരുത്തും. ഇലക്ട്രിക് വാഹനങ്ങൾക്കും പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്കും ഈ വ്യവസ്ഥകൾ ബാധകമാകും.
ബാറ്ററിയുടെ ദീർഘകാല പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ട്. അഞ്ചുവർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ ബാറ്ററിയുടെ യഥാർഥ ശേഷി കുറഞ്ഞത് 75 ശതമാനമായി നിലനിർത്തണം. എട്ടുവർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ പിന്നിടുന്നതുവരെ കുറഞ്ഞത് 67 ശതമാനം ശേഷി നിലനിർത്തണമെന്നും കരട് നിർദേശിക്കുന്നു.
ടയർ തേയ്മാനത്തിനും പ്രത്യേക പരിഗണന
ടയറുകൾ തേയുമ്പോൾ പുറത്തുവരുന്ന സൂക്ഷ്മകണങ്ങൾ പരിസ്ഥിതിയെ ബാധിക്കുന്നതിനാൽ അവയുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനും പുതിയ ചട്ടങ്ങളിൽ വ്യവസ്ഥകളുണ്ടാകും. ഉപയോഗശേഷം ഉപേക്ഷിക്കുന്ന ടയറുകളുടെ പുനരുപയോഗവും സുരക്ഷിതമായ സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പം പരിഗണിക്കപ്പെടുന്നു.
പുതിയ ടയറുകളുടെ വിൽപ്പനയ്ക്ക് പ്രത്യേക ലെവി ഏർപ്പെടുത്തി അതിലൂടെ ലഭിക്കുന്ന തുക പഴയ ടയറുകളുടെ ശേഖരണം, പുനരുപയോഗം, പരിസ്ഥിതി സൗഹൃദ സംസ്കരണം എന്നിവയ്ക്കായി വിനിയോഗിക്കുന്ന രീതി കാനഡ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുണ്ട്.
മലിനീകരണ നിയന്ത്രണം വാഹനത്തിന്റെ ആയുസ്സിലുടനീളം
വാഹനം നിരത്തിലിറങ്ങുന്ന സമയത്തെ പരിശോധനയിൽ മാത്രം ഒതുങ്ങില്ല പുതിയ സംവിധാനമെന്നാണ് കരട് നിർദേശങ്ങൾ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ ഉപയോഗകാലം മുഴുവൻ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളും നടപ്പിലാക്കും.
പരിശോധനകളിലെ ക്രമക്കേടുകൾ തടയുന്നതിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ യഥാർഥ പ്രവർത്തനം വിലയിരുത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾ അന്തിമ ചട്ടങ്ങളായി മാറുന്നതോടെ വാഹന നിർമാതാക്കൾക്കും വാഹന ഉടമകൾക്കും പുതിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും.

