കൽപ്പറ്റ: വയനാടിന്റെ ജീവൽപ്രശ്നങ്ങൾ ഉന്നയിച്ച് സിപിഐ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ ജനരോഷമിരമ്പി. ജില്ലയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളിൽ ഭരണകൂടത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. എച്ച്ഐഎം യുപി സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ ജനസാഗരമായി മാറി. മുദ്രാവാക്യങ്ങൾ മുഴക്കി, പ്ലക്കാർഡുകളേന്തി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ മാർച്ചിൽ അണിചേർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാർച്ച് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മുറിവുണങ്ങാത്ത ചൂരൽമല-മുണ്ടക്കൈ മേഖലയിലെ പുനരധിവാസ പ്രവർത്തികൾ അടിയന്തരമായി പുനരാരംഭിക്കണമെന്നതെന്നും ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ പ്രഖ്യാപനങ്ങൾക്കപ്പുറം നടപടി വേണമെന്നും പുനരധിവാസം അനിശ്ചിതമായി നീളുന്നത് പ്രതിഷേധാർഹമാണെന്ന് ഇ ജെ ബാബു പറഞ്ഞു. ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കർഷകരുടെ കിടപ്പാടം തകർക്കുമെന്നും തലമുറകളായി മണ്ണിൽ പണിയെടുക്കുന്ന കർഷകരെയും സാധാരണക്കാരെയും കുടിയിറക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്ത് ഒറ്റപ്പെടുന്ന വയനാടിന് ശ്വാസം നൽകാൻ ബദൽ റോഡുകൾ യാഥാർത്ഥ്യമാക്കണം. ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാക്കി തുരങ്കപാത നിർമ്മാണം പുനരാരംഭിക്കണമെന്നും ജീവനും ജീവനോപാധിയും കവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വർഗീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം പി എം ജോയ്, സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം പി കെ മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാൻലിൻ എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി. ജില്ലയുടെ നിലനിൽപ്പിനായുള്ള പോരാട്ടം ശക്തമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മാർച്ച് സമാപിച്ചത്.


