പദ്മശ്രീചെറുവയൽരാമൻ

കവിത

സൂക്ഷിപ്പിൻ്റെ ബാധ്യതയും

മറ്റ് ബുദ്ധിമുട്ടുകളും ഓർത്ത്

നമ്മൾ
മലയാളികൾ
വിതയ്ക്കാനുള്ള
വിത്തെടുത്ത് കുത്തി എന്നേ
കഞ്ഞിവെച്ച് കുടിച്ചു.

അരിയുടെ കർശന
റേഷനിങ്ങും പട്ടിണി –
ക്കാലവും മറന്നു.

അധിക യൂണിറ്റ് അരിയ്ക്ക്
വേണ്ടി
കുട്ടികളുടെ
ജനന തീയതി വരെ
തിരുത്തി,അക്കാലത്ത്.

ആളുകൾ പ്രാർത്ഥന
റേഷൻ കടയുടെ
മുന്നി ലെ ക്യൂവിൽ
നിർവഹിച്ചു.

റേഷൻ കാർഡ്ൻ്റെ
അട്ടി തട്ടിയവരും
കടക്കാരൻ്റെ
പേര് വിളി കേൾക്കാതെ
പോയവരും
അദ്ദേഹത്തിൻ്റ് ഉഗ്രശാസന ഏറ്റുവാങ്ങി.

പിന്നീട്
ഹരിത വിപ്ലവം ഫലം
കാണുകയും
അരി വണ്ടികൾ
അതിർത്തികൾ കടന്നെത്തുകയും
ചെയ്തതോടെ കമ്പോളത്തിൽ അരി
സുലഭമായി.

ഭക്ഷ്യ സുരക്ഷാ നിയമം
പ്രാബല്യത്തിൽ
ആവുകയും റേഷനിങ്ങ്
ഉദാര മാവുകയും
ചെയ്തതോടെ
അരിയില്ലാത്ത വീടില്ല എന്നായി.

നിർഭാഗ്യവശാൽ
കേരളത്തിൽ ഈ സുഭിക്ഷത
ഒരു വിപരീത ഫലം ഉളവാക്കി.

ചില അപവാദങ്ങൾ
ഒഴിച്ചാൽ
പൊതുവെ നെൽ കൃഷി യോടുള്ള കമ്പം കുറഞ്ഞു.

‘നെൽകൃഷിയുടെ കഷ്ടപ്പാടുകൾ ‘
നാം തിരിച്ചറിഞ്ഞു!

പാടം തരിശിട്ടു..

വയൽ ബാധ്യതയായി.
മറ്റൊരു തരത്തിൽ
സാധ്യതയുമായി.

തരം കിട്ടിയാൽ ആരുടെ
യൊക്കയോ
കണ്ണുകൾ വെട്ടിച്ച്
നിലം നികത്തി.

തഞ്ചത്തിൽ
തരം മാറ്റിയെടുത്തു.

വയൽ ,
നികന്നു പോകുന്ന ഓർമയാകാൻ
തുടങ്ങി..

പുത്തരി,
നാഡിയിലൂറുന്ന ഞാറ്റുപാട്ടും.

വിത്ത് കാത്ത് കിടന്ന
നിലത്തിൽ ചവിട്ടി
ഒരു രാമൻ വന്നു.

അഹല്യയ്ക്ക്
മോക്ഷമേകാൻ
ശ്രീരാമൻ
എന്നപോലെ.

വിത്താണ് കരുതേണ്ടത്
എന്ന് പ്രകൃതി
അദ്ദേഹത്തെ ആദ്യമേ
പഠിപ്പിച്ചിരുന്നു.

വിത്തായ വിത്തെല്ലാം
ശേഖരിച്ചു.

ഗന്ധക ശാലയെ നെല്ലായി നമ്മെ വാസനിപ്പിച്ചു .

അരിയാക്കിയതോടെ
ലോകം മുഴുവൻ ഖ്യാതി വ്യാപിച്ചു.

രാമനിലൂടെ ചെറുവയൽ
ലോകത്തിൻ്റെ
പെരുവയലായി..

ഇന്നിതാ 74 ആം വയസിൽ പ്രകൃതി
അദ്ദേഹത്തെ തിരിച്ചെടുത്തു.

‘രാമൻ ഇഫക്ട് ‘നമ്മെ
സ്വാധീനിക്കുമോ?

അറിയില്ല.

ഒന്നറിയാം,
ചുരം താണ്ടി വരുന്ന
വണ്ടികൾ നിലയ്ക്കുന്നത് വരെ മാത്രം ദൈർഘ്യമേ
നമ്മുടെ സുഭിക്ഷതയ്ക്കുള്ളൂ.

മറ്റൊന്ന്
വിത്തുകളുടെ കരുതലിലൂടെ,
നിറ മേനിയുടെ കൊയ്തെടുപിലൂടെ,

മുന്നറിയിപ്പായും മുന്നറിവായും
ഇനി
രാമനില്ല..

~ K P മോഹനൻ

Enable Notifications OK No thanks