ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾക്കും വേദിയാകുന്നു. ഐസ (AISA) നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി അമിത പ്രാധാന്യം നൽകുന്നുവെന്ന പരാതിയുമായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐയിലെ ഒരു വിഭാഗം രംഗത്തെത്തി. സ്വന്തം സംഘടനയിലെ യുവ നേതാക്കളെ അവഗണിച്ച് മറ്റൊരു വിദ്യാർഥി സംഘടനയുടെ നേതാവിനെ മുൻനിരയിൽ അവതരിപ്പിക്കുന്നതിലാണ് പ്രവർത്തകരുടെ പ്രതിഷേധം.
എൻഎസ്യുഐയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ‘വീ ദ് ചോട്ടൂ’ എന്നാക്കി മാറ്റിയാണ് ഒരു പ്രവർത്തകൻ അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഗ്രൂപ്പിൽ ചിലർ രാഹുലിന്റെ നടപടിക്കെതിരെ തുറന്നടിക്കുകയും ചെയ്തു. സംഘടനയ്ക്കുള്ളിൽനിന്ന് ഒരു യുവ നേതാവിനെപ്പോലും ഉയർത്തിക്കാട്ടാൻ കഴിയാത്തതെന്താണെന്നും പാർട്ടിക്കുവേണ്ടി തെരുവിലിറങ്ങി പ്രവർത്തിക്കുന്നവർക്ക് എന്ത് പരിഗണനയാണ് ലഭിക്കുന്നതെന്നും പ്രവർത്തകർ ചോദിച്ചു.
നേഹയുടെ നേതൃപാടവത്തെയോ യുവാക്കൾക്കിടയിലെ സ്വാധീനത്തെയോ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ എൻഎസ്യുഐ പ്രവർത്തകർ അണിനിരക്കുന്ന സമരങ്ങളിൽ മറ്റൊരു സംഘടനയുടെ നേതാവിന് ഇത്രയധികം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സ്വന്തം സംഘടനയിലെ പ്രവർത്തകർ വെറുമൊരു ആൾക്കൂട്ടമായി മാത്രം തുടരേണ്ടിവരുന്ന സാഹചര്യം എന്തിനാണെന്നും ചിലർ സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചു.
തിങ്കളാഴ്ച ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചാണ് വിവാദത്തിന് ആക്കം കൂട്ടിയത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നേഹ ബോറയും പ്രിയങ്ക ഗാന്ധിയും മുൻനിരയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാക്കൾ സഞ്ചരിച്ച വാഹനത്തിലും പിന്നീട് പ്രതിഷേധത്തിനായി ഉപയോഗിച്ച ട്രക്കിലും രാഹുലിനൊപ്പം നേഹ പ്രത്യക്ഷപ്പെട്ടു. ഇതോടെ സമരവാർത്തകളിൽ കോൺഗ്രസിലെ യുവജന സംഘടനയെക്കാൾ നേഹയ്ക്ക് പ്രാധാന്യം ലഭിക്കുന്നുവെന്ന വിമർശനം ശക്തമായി.
കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച് ചെരിപ്പ് തേഞ്ഞിട്ടും സ്വന്തം സംഘടനയിലെ നേതാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് എൻഎസ്യുഐ പ്രവർത്തകർ ഉയർത്തുന്നത്. സംഘടനയിൽ നിരവധി യുവ നേതാക്കളുള്ളപ്പോൾ മറ്റൊരു വിദ്യാർഥി സംഘടനയുടെ നേതാവിനെ രാഹുൽ ഗാന്ധിയെപ്പോലൊരു മുതിർന്ന നേതാവ് ഇത്രയധികം ഉയർത്തിക്കാട്ടുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അവർ ചോദിക്കുന്നു. വിഷയത്തിൽ ഹൈക്കമാൻഡിനെയും യുവജന വിഭാഗം നേതാക്കൾ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്.
സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത ചേരികളിലാണെങ്കിലും നേഹയുടെ സംഘടനയായ ഐസയുടെ മാതൃസംഘടന സിപിഐഎംഎൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിലും നേഹ സജീവമായി പങ്കെടുത്തിരുന്നു. അന്ന് നിരാഹാര സമരവും നടത്തിയിരുന്നു.
ഇതിനിടെ, രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസൽക്കാരത്തിൽ നേഹ പങ്കെടുത്തതും ചർച്ചയായി. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രാഹുലിനൊപ്പം നേഹയെ കണ്ടതാണ് എൻഎസ്യുഐയിലെ പ്രതിഷേധത്തിന് കൂടുതൽ ശക്തി പകർന്നതെന്നാണ് സൂചന. നേഹയ്ക്ക് പുറമെ ഐസ നേതാക്കളെയും രാഹുൽ ചായസൽക്കാരത്തിന് ക്ഷണിച്ചിരുന്നു. ഡൽഹിയിലില്ലാതിരുന്നതിനാൽ ദിപ്കെയ്ക്ക് പങ്കെടുക്കാനായില്ല.
എൻഎസ്യുഐ നേതൃത്വവുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് പഴയതുപോലെയാക്കി. കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ച സംഘടനാ പ്രതിനിധി, നേതാവിനെ നേരിൽ കണ്ടതോടെ പ്രവർത്തകരുടെ അതൃപ്തി മാറിയെന്ന് പറഞ്ഞു. പൊലീസിന്റെ ലാത്തിച്ചാർജിൽ നേരിട്ട പ്രയാസങ്ങളും പാർട്ടിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള വേദനയും മാറിയെന്നും ആർഎസ്എസ്–ബിജെപി ആശയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ നേഹ ബോറയുടെ പേര് എൻഎസ്യുഐ നേതാക്കൾ ഉന്നയിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഘടനാ പ്രസിഡന്റ് വിനോദ് ജഖാറും ഇക്കാര്യം നിഷേധിച്ചു. കോൺഗ്രസിനുള്ളിൽ ജനങ്ങൾക്കുവേണ്ടി ഉയരുന്ന എല്ലാ ശബ്ദങ്ങൾക്കും പ്രാധാന്യമുണ്ടെന്നായിരുന്നു പാർട്ടിയുടെ മീഡിയ ഇൻചാർജ് പവൻ ഖേരയുടെ പ്രതികരണം.

