ന്യൂഡൽഹി: ലേബലുകളിലും പരസ്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നൽകിയെന്ന പരാതിയിൽ ഹോർലിക്സിന്റെ രണ്ട് ഉൽപ്പന്നങ്ങൾക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). ഇന്ത്യൻ വിപണിയിൽ ഹോർലിക്സ് ബ്രാൻഡിന്റെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിനാണ് അധികൃതർ നോട്ടീസ് അയച്ചത്.

ഹോർലിക്സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്ക്, ഹോർലിക്സ് മദേഴ്സ് പ്ലസ് കേസർ എന്നിവയുടെ ലേബലുകളിലും പരസ്യങ്ങളിലും നൽകിയ അവകാശവാദങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
400 ഗ്രാം പാക്കറ്റിൽ ലഭിക്കുന്ന ഹോർലിക്സ് വിമൻസ് പ്ലസ് ചോക്ലേറ്റ് ന്യൂട്രീഷൻ ഡ്രിങ്കിന്റെ ലേബലിൽ അസ്ഥികളുടെ ബലം വർധിപ്പിക്കുമെന്നും ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അവകാശപ്പെടുന്നുണ്ട്. ആറുമാസത്തിനുള്ളിൽ അസ്ഥികളുടെ ബലം മെച്ചപ്പെടുത്താൻ ക്ലിനിക്കലായി തെളിയിക്കപ്പെട്ടതാണെന്നതടക്കമുള്ള അവകാശവാദങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുമെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ.
ഉൽപ്പന്നത്തിൽ മാൾട്ടോഡെക്സ്ട്രിൻ അടങ്ങിയിരിക്കെ ‘പഞ്ചസാര ചേർത്തിട്ടില്ല’ എന്ന അവകാശവാദം നൽകുന്നതും അധികൃതർ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, ഉൽപ്പന്നത്തിലെ പോഷകഘടകങ്ങൾ വ്യക്തമാക്കുന്ന പട്ടിക നിശ്ചിത മാതൃകയിൽ അവതരിപ്പിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഹോർലിക്സ് മദേഴ്സ് പ്ലസ് കേസറിന്റെ ലേബലുകളിലും പരസ്യങ്ങളിലും നൽകിയ അവകാശവാദങ്ങളുമായി ബന്ധപ്പെട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്.
നോട്ടീസിൽ നിർദേശിച്ച സമയപരിധിക്കുള്ളിൽ വിശദീകരണം നൽകാൻ ഹിന്ദുസ്ഥാൻ യൂണിലിവറിനോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ലൈസൻസിംഗ് അധികൃതർക്കും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

