തിരുവനന്തപുരം: കേരളാ കോണ്ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യം യുഡിഎഫ് അധികാരത്തിൽ എത്തിയത് മുതൽ ഉയരുന്നതാണ്. അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന സാഹചര്യത്തിൽ യുഡിഎഫിന് ഭരണം കിട്ടിയാൽ പ്രധാനസ്ഥാനം നൽകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനം പിജെ ജോസഫിന് എന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നൽകാൻ തീരുമാനമായപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടി എന്നായിരുന്നു ഉത്തരം. എം കെ മുനീറിനും ജി ദേവരാജനും പദവികൾ നല്കിയതിലല്ല പി ജെ ജോസഫിന് പദവി നൽകാത്തതിലാണ് തങ്ങൾക്ക് അതൃപ്തിയെന്ന് കേരളകോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ മന്ത്രി മോൻസ് ജോസഫിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ എംഎൽഎ മോൻസ് ജോസഫ് ഇന്ന് മുഖ്യമന്ത്രി വിഡി സതീശനെ കാണും.
വയോജനകമ്മീഷൻ, കാർഷികകടാശ്വാസകമ്മീഷൻ തുടങ്ങിയ സ്ഥാനങ്ങളിലേതങ്കിലുമാണ് ജോസഫിന് വേണ്ടി കേരളകോൺഗ്രസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. മറ്റന്നാൾ ചേരുന്ന മന്ത്രിസഭയോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനത്തിനെതിരെ യുഡിഎഫ് കൺവീനർ തന്നെ രംഗത്ത് വന്നത് കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാക്കി. പിന്നാലെയാണ് കേരളകോൺഗ്രസിൻ്റെ അതൃപ്തി.
അതേസമയം, ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവും ഉന്നയിക്കും. കഴിഞ്ഞ യുഡിഎഫ് കാലത്ത് 10 ബോർഡ് കോർപ്പറേഷനുകളാണ് കേരളകോൺഗ്രസിനുണ്ടായിരുന്നത്. അത് വേണമെന്നാണ് ആവശ്യം. എന്നാൽ അന്ന് കെ എം മാണിക്കൊപ്പമായിരുന്നുവെന്ന് കോൺഗ്രസിലെ ചിലർ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിലെ വീതം വയ്പ് കടുത്ത തർക്കത്തെ തുടർന്ന് ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. യുഡിഎഫും യോഗവും ഇതുവരെ ചേർന്നിട്ടില്ല. കോൺഗ്രസിലെ തമ്മിലടിയിലും യുഡിഎഫ് യോഗം ചേരാത്തതിലും കേരളകോൺഗ്രസ് അതൃപ്തിയിലാണ്. അതിനിടെ ക്യാബിനറ്റ് പദവി കിട്ടാത്തതിൽ തോമസ് ഉണ്ണിയാടൻ എംഎൽഎ പരസ്യപോരിലാണ്. ഇതിനിടെയാണ് പി ജെ ജോസഫിനുള്ള സ്ഥാനത്തിനായി സമർദ്ദം കനക്കുന്നത്.

