ശത്രുവിനെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് സൂഫികൾ പറയാറുണ്ട്. കാരണം, നമ്മുടെ യാത്രയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ശത്രുവാണ്. ശബ്നം നൂർജഹാൻ.

ശത്രുവിനെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് സൂഫികൾ പറയാറുണ്ട്. കാരണം, നമ്മുടെ യാത്രയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ശത്രുവാണ്. യഥാർത്ഥത്തിൽ, നമ്മുടെ വിജയം ഉറപ്പിക്കുന്നതും ആ ശത്രുവാണ് തന്നെയാണ്.

കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി തുടങ്ങിവെച്ചതും, ഇന്നും തുടരുന്നതുമായ ഈ യുദ്ധത്തിൽ ഏറ്റവും നന്ദിയുള്ളത് അദ്ദേഹത്തോട് തന്നെയാണ്. കാരണം, എതിർപക്ഷക്കാരിൽ മറ്റാരേക്കാളും യോഗ്യതയുള്ള എതിരാളിയാണ് അദ്ദേഹം.

സൂഫികളോടുള്ള സലഫികളുടെ അഭിപ്രായവ്യത്യാസങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല;
നൂറ്റാണ്ടുകൾ പാഴക്കമുള്ളതാണത്.
സലഫികൾക്ക് ഒരിക്കലും എത്തിനോക്കാനാവാത്ത ജ്ഞാനവിഹായസ്സ് തന്നെയാണ് സൂഫിസം.
എന്നിരുന്നാലും, താൻ ചെയ്യുന്ന ജോലിയോട് അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥത ശ്ലാഘനീയം തന്നെയാണ്. ഇബ്നു അറബിയെ വിമർശിക്കുവാൻ അദ്ദേഹം ‘ഫുസൂസുൽ ഹികം ’വായിക്കുന്നു (അതിന്റെ ആന്തരികമായ പൊരുളുകൾ ഒന്നും ഗ്രഹിക്കാൻ കഴിയാതിരുന്നിട്ടും )
‘കാമില’യെ വിമർശിക്കാൻ അതിനെ കീറിമുറിച്ച് പരിശോധിക്കുന്നു (അതൊരു കഥയായും കഥാപാത്രമായും സമഗ്രതയിൽ കാണാൻ സാധിച്ചില്ലെങ്കിലും). ഇവിടെയെല്ലാം അദ്ദേഹത്തിന്റെ ഇഖ്ലാസും (ആത്മാർത്ഥത) യഖീനും (ഉറച്ച ബോധ്യം) വളരെ വ്യക്തമാണ്. എന്റെ ആദ്യഗ്രന്ഥമായ ‘ഇസ്‌ലാം പ്രണയം സമർപ്പണത്തെയും ’ഇതേ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും അദ്ദേഹം സമീപിക്കണമെന്നാണ് എന്റെ അഭ്യർത്ഥന.

സൂഫികളെ വിമർശിക്കുന്നത് മുജാഹിദുകൾ മാത്രമല്ല; തങ്ങളുടെ അടിസ്ഥാനമായ തസവ്വുഫിനെ (ആത്മീയതയെ) കൈവിട്ട് മതത്തെ വാണിജ്യവൽക്കരിക്കുന്ന, ‘കോർപ്പറേറ്റ് ഇസ്‌ലാമിന്റെ വക്താക്കളായ സുന്നികളും സജീവമായുണ്ട്.
അതിനാൽ, ഹനീഫ് കായക്കൊടിയെപ്പോലെ ആത്മാർത്ഥതയുള്ള വിമർശകർ ഏത് കൂട്ടത്തിൽ നിന്നായാലും കടന്നുവരൂ. കാരണം, ശത്രുവാണ് സാധ്യത. എന്റെ പുസ്തകങ്ങളെ ഏറ്റവും മൂർച്ചകൂടിയ വാളുകൊണ്ട് കീറിമുറിക്കാനും, എന്റെ വാക്കുകളെ ഏറ്റവും ഉച്ചത്തിൽ പ്രതിധ്വനിപ്പിക്കാനും കേൽപ്പുള്ള ശത്രുക്കൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. കടന്നു വരിക.

ഇനി സലഫി അനുയായികളോടാണ് പറയാനുള്ളത്; കേവലമായ വ്യക്തിയാക്ഷേപങ്ങൾ നടത്തി സ്വയം അപഹാസ്യരാകാതിരിക്കുക എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം.
കാരണം, നിങ്ങളുടെ മടിശ്ശീലയിലുള്ളതല്ലേ നിങ്ങൾക്ക് നൽകാനാവൂ.

നിങ്ങളേതേത് കല്ലുകൾ കൊണ്ട് സൂഫികളെ എറിഞ്ഞാലും ആ കല്ലുകളെല്ലാം കൂട്ടിവെച്ച് അവർ അതിനു മുകളിൽ കയറി നിൽക്കുക തന്നെ ചെയ്യും.
ഒരു വെള്ളിയാഴ്ച പള്ളിപ്രസംഗമാണ് വർഷങ്ങളുടെ മൗനത്തെ ഭഞ്ജിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച നാടാകെ നടന്ന സൂഫീവിരുദ്ധ പള്ളിപ്രസംഗങ്ങൾ നമ്മുടെ യാത്രക്ക് എത്ര കരുത്തു പകരുമെന്നോർക്കുന്നത് നല്ലതായിരിക്കും. അതിനാൽ വെപ്രാളപ്പെട്ട് നെട്ടോട്ടമോടാതെ, നേതാവിന്റെ പാത പിന്തുടരൂ. വായിക്കൂ, ചിന്തിക്കൂ, വിമർശിക്കൂ. നമുക്ക് ഒരുമിച്ച് വളരാം.

NB: സൂഫികൾക്ക് സ്വന്തം നഫ്‌സ് തന്നെയാണ് ഏറ്റവും വലിയ ശത്രു. ആ നഫ്‌സിനെ കുടിയൊഴിപ്പിക്കാൻ പുറത്തുള്ള ചെറിയ ശത്രുക്കൾ വലിയ സാധ്യതയാണ്. കാരണം, അവരിലൂടെയാണല്ലോ നമ്മൾ എറിയപ്പെടുന്നതും പരുവപ്പെടുന്നതും.

Join Community
Enable Notifications OK No thanks