സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി താലിമാല കവർന്ന 23കാരൻ പിടിയിൽ

 

ചെന്നൈ: സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. രാമനാഥപുരം സ്വദേശിനിയായ ഉത്തിര (26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശരവണൻ (23) ആണ് പിടിയിലായത്. നാലു പവന്റെ താലിമാല തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി.

തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടംപാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ഉത്തിരയെ ഈ മാസം 15നാണ് കാണാതായത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ 17ന് പെരുന്തുറൈ വിജയമംഗലം ടോൾഗേറ്റിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്തിരയുടെ സഹപ്രവർത്തകനായ ശരവണൻ പ്രതിയാണെന്ന് കണ്ടെത്തിയത്.

ആഭരണങ്ങൾ കവർച്ച ചെയ്യാൻ ലക്ഷ്യമിട്ട് യുവതിയെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം താലിമാല കൈക്കലാക്കുകയായിരുന്നുവെന്ന് ഈറോഡ് ജില്ലാ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

‘ആഭ്യന്തര വകുപ്പ് പേരിന് മാത്രം’; വിജയ്‌ക്കെതിരെ സ്റ്റാലിൻ

സംസ്ഥാനത്ത് ആവർത്തിക്കുന്ന അക്രമസംഭവങ്ങൾ സർക്കാരിന്റെ ക്രമസമാധാനപാലനത്തിലെ വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വിജയ് പൂർണ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.

മറ്റ് വകുപ്പുകളുടെ ചുമതലകൾ വിവിധ മന്ത്രിമാർക്ക് കൈമാറിയതുപോലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്തവും മുഖ്യമന്ത്രി മറ്റാർക്കെങ്കിലും ഏൽപ്പിച്ചിരിക്കുകയാണോയെന്ന് സ്റ്റാലിൻ പരിഹസിച്ചു. മുഖ്യമന്ത്രി പേരിന് മാത്രമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന അക്രമങ്ങളും കേന്ദ്ര ഏജൻസികളുടെ ലഹരിമരുന്ന് വേട്ടകളും ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രിയുടെ ഗുരുതരമായ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

വിജയ്‌യുടെ ലഹരിവിരുദ്ധ പ്രചാരണത്തെ പരാമർശിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ വിമർശനം. ‘ലഹരി ഉപേക്ഷിക്കൂ, കായികരംഗത്തേക്ക് വരൂ’ എന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രി ആദ്യം വിശ്രമം ഉപേക്ഷിച്ച് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. യുവതിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനനിലയെച്ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോരിന് പുതിയ മാനം നൽകിയിരിക്കുകയാണ്.

Leave a Reply

Enable Notifications OK No thanks