തിരുവനന്തപുരം: മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനുമായി 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ 6.71 കോടി രൂപ ചെലവഴിക്കാൻ കേരള സർക്കാർ. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇതുസംബന്ധിച്ച് ഇ-ടെൻഡർ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ ചെലവു നിയന്ത്രിക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് നിർദേശിക്കുന്നതിനിടെയാണ് ഉയർന്ന വിലയുള്ള ഉപകരണങ്ങൾ വാങ്ങാനുള്ള നീക്കം.

മൂന്ന് മോഡലുകളിലായി 160 ഐപാഡുകൾ വീതമാണ് വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ 256 ജിബി എന്നിവയാണ് പട്ടികയിലുള്ളത്.
13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒരു ഉപകരണത്തിന് ഏകദേശം 1.99 ലക്ഷം രൂപ വരും. 11 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി 2.23 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ ഒരു ഐപാഡിന് ഏകദേശം 1.39 ലക്ഷം രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ മോഡലുകൾക്കായി ശേഷിക്കുന്ന 1.27 കോടി രൂപ ചെലവഴിക്കും.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവുപരിധി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. നേരത്തേ 1.5 ലക്ഷം രൂപയായിരുന്ന പരിധി രണ്ട് ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ഇതിനു പിന്നാലെയാണ് 480 ഐപാഡുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളുമായി കെൽട്രോൺ മുന്നോട്ടുവന്നത്.

