വനിതാ സബ് എൻജിനീയർ ഉൾപ്പെടെ രണ്ടുപേർ ആശുപത്രിയിൽ.

കൊല്ലം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ വ്യാപാരിയുടെ ക്രൂരമായ ആക്രമണം. പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൻ.എസ് സഹകരണ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. അക്രമത്തിൽ പള്ളിമുക്ക് സെക്ഷനിലെ വനിതാ സബ് എൻജിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ എൻ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭൂഗർഭ കേബിൾ (യു.ജി കേബിൾ) അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിച്ചിരുന്നു (ലൈൻ ഓഫ് ചെയ്തിരുന്നു). ജോലി നടന്നുകൊണ്ടിരിക്കെ, സമീപത്ത് പഴക്കട നടത്തുന്നയാൾ ജീവനക്കാരുടെ അടുത്തേക്ക് പാഞ്ഞെത്തുകയും പ്രകോപനമില്ലാതെ അതിരൂക്ഷമായ ഭാഷയിൽ തെറിവിളിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. കറണ്ട് പോയത് കാരണം തന്റെ വ്യാപാരം തടസ്സപ്പെടുന്നു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഇയാൾ തട്ടിക്കയറിയത്.അടിയന്തര അറ്റകുറ്റപ്പണിയുടെ ആവശ്യകത ജീവനക്കാർ ശാന്തമായി വിശദീകരിക്കാൻശ്രമിച്ചെങ്കിലും മർദ്ദിച്ചു എന്നാണ് ജീവനക്കാർ പറയുന്നത്.

