അതിഥി തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസുകാരൻ മൊബൈൽ ഫോൺ മോഷ്ടിച്ചു മറിച്ചു വിറ്റു.ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ അതിഥിത്തൊഴിലാളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തിയ ഫോൺ സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തിയത്. ഇവരെ വിവരമറിയിക്കുകയും ചെയ്തു.

അടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് ഉടമ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ മകൻ ഫോൺ വാങ്ങാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് ഫോൺ കണ്ടെത്തി അറിയിക്കാമെന്ന് ഉറപ്പുനൽകി പയ്യന്നൂർ സ്വദേശിനിയുടെ മകനെ പൊലീസ് തിരിച്ചയച്ചു.
ഫോൺ കാണാതായ വിവരം സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചെങ്കിലും ആരും വിവരം നൽകിയില്ല. തുടർന്ന് ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബദിയടുക്ക നീർച്ചാലിൽ മറ്റൊരു സിംകാർഡ് ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഫോൺ ഉപയോഗിച്ചിരുന്നയാളെ ചോദ്യം ചെയ്തതോടെയാണ് ബൈജു എന്ന പൊലീസുകാരൻ ഫോൺ വിൽപ്പന നടത്തിയതായി വ്യക്തമായത്.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ഒക്ടോബർ 12-ന് ബൈജു മേശയിൽനിന്ന് ഫോൺ എടുക്കുന്നതും സിംകാർഡ് ഊരിമാറ്റി നശിപ്പിക്കുന്നതും കണ്ടെത്തി. ഇതേത്തുടർന്ന് സിപിഒ ബൈജുവിനെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

