തിരുവനന്തപുരം: വേണാട് എക്‌സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ പുതിയ ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യം പരിഹരിക്കുന്നതിന് പകരം നിലവിലുണ്ടായിരുന്ന സർവീസിന്റെ സമയക്രമം തന്നെ മാറ്റിയതോടെ കോട്ടയം–കൊല്ലം റൂട്ടിൽ യാത്രാദുരിതം വർധിക്കുമെന്ന് ആശങ്ക. കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടിയ റെയിൽവേയുടെ തീരുമാനമാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. നവംബർ ഒന്ന് മുതൽ കോട്ടയത്തുനിന്ന് വൈകിട്ട് 5.40ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന മെമു സർവീസ് ലഭ്യമാകില്ല.
പുതിയ ക്രമീകരണമനുസരിച്ച് എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള മെമു വൈകിട്ട് 6.45നാണ് എത്തുക. ഇതോടെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവർക്ക് നേരത്തെയുണ്ടായിരുന്ന ട്രെയിൻ സൗകര്യം നഷ്ടമാകും. ഉച്ചകഴിഞ്ഞ് 3.45ന് പരശുറാം എക്‌സ്പ്രസ് കടന്നുപോയാൽ പിന്നീട് 6.30നുള്ള വേണാട് എക്‌സ്പ്രസിനായി കാത്തിരിക്കേണ്ടിവരും. രണ്ടര മണിക്കൂറോളം കാത്തിരുന്ന് തിരക്കിനിടയിൽ വേണാടിൽ കയറേണ്ടിവരുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന് യാത്രക്കാർ പറയുന്നു.
വേണാട് എക്‌സ്പ്രസിൽ അനുഭവപ്പെടുന്ന വലിയ തിരക്കിന് പരിഹാരം കാണാനായിരുന്നു അതിനു മുൻപായി മറ്റൊരു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നത്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് വൈകിട്ട് യാത്ര ചെയ്യുന്ന ജീവനക്കാരും വിദ്യാർഥികളുമാണ് ഈ ആവശ്യം പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാൽ പുതിയ മെമു ക്രമീകരണം ഈ യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ പരശുറാം എക്‌സ്പ്രസ് വൈകിട്ട് 3.45ന് കടന്നുപോയിക്കഴിഞ്ഞാൽ കോട്ടയം വഴി തെക്കോട്ടുള്ള അടുത്ത പ്രധാന പ്രതിദിന ട്രെയിൻ വേണാട് എക്‌സ്പ്രസാണ്. എറണാകുളം ടൗണിൽനിന്ന് വൈകിട്ട് 5.15നാണ് വേണാട് പുറപ്പെടുന്നത്. ഈ ഇടവേളയിൽ വൈകിട്ട് നാലുമണിയോടെ മറ്റൊരു ട്രെയിൻ അനുവദിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. പുതിയ സർവീസ് വന്നതോടെ ഈ പ്രതീക്ഷയും അസ്ഥാനത്തായെന്നാണ് പരാതി.
എറണാകുളം ജംക്‌ഷനിൽനിന്ന് വൈകിട്ട് 5.25നാണ് പുതിയ എറണാകുളം–കൊല്ലം ട്രെയിൻ പുറപ്പെടുന്നത്. വേണാട് എക്‌സ്പ്രസ് എറണാകുളം ടൗണിൽനിന്ന് പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ് ഈ സർവീസും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ വേണാടിനു മുൻപ് മറ്റൊരു ട്രെയിൻ വേണമെന്ന ആവശ്യത്തിന് പുതിയ തീരുമാനം പരിഹാരമാകുന്നില്ലെന്നാണ് യാത്രക്കാരുടെ വാദം.
നിലവിൽ കോട്ടയത്ത് ലഭ്യമായിരിക്കുന്ന എറണാകുളം–കോട്ടയം പാസഞ്ചർ റേക്ക് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് യാത്രക്കാരുടെ സംഘടനകൾ നിർദേശിക്കുന്നത്. ഉച്ചകഴിഞ്ഞ് ഈ റേക്ക് എറണാകുളത്തേക്ക് സർവീസ് നടത്തി വൈകിട്ട് നാലുമണിയോടെ കോട്ടയത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പുറപ്പെടുന്ന രീതിയിൽ സമയക്രമം മാറ്റണമെന്നാണ് ആവശ്യം.
ഇത്തരത്തിൽ ക്രമീകരിച്ചാൽ നിലവിലെ വൈകിട്ട് 5.40നുള്ള കോട്ടയം–കൊല്ലം മെമു സർവീസ് നിലനിർത്തുന്നതിനൊപ്പം യാത്രക്കാർക്ക് അധിക ട്രെയിൻ സൗകര്യവും ലഭ്യമാക്കാനാകുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വേണാടിലെ തിരക്ക് കുറയ്ക്കുകയും വൈകിട്ടുള്ള യാത്രാക്ലേശം ഒഴിവാക്കുകയും ചെയ്യണമെങ്കിൽ റെയിൽവേ സമയക്രമം പുനഃപരിശോധിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


