പ്രീമിയം സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ ഇനി സാധാരണ സൂപ്പർ ഫാസ്റ്റ്; കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി

Order of the Department

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള നോൺ എ.സി പ്രീമിയം സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് (എൽ.എസ്-1, എൽ.എസ്-2) സൂപ്പർ ഫാസ്റ്റ് സർവീസുകളെ സാധാരണ സൂപ്പർ ഫാസ്റ്റ് സർവീസുകളായി പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച മെമ്മോറാണ്ടം ഒക്ടോബർ 30-ന് ഹെഡ് ഓഫീസിൽ നിന്ന് പുറത്തിറക്കി.

യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാക്കുക, വരുമാനം വർധിപ്പിക്കുക, ഒന്നിനു പിറകെ ഒന്നായി ബസുകൾ ഓടുന്ന കോൺവോയ് ഒഴിവാക്കുക, റൂട്ടിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ക്ലാസ് സർവീസുകൾ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി സർവീസുകളുടെ റണ്ണിംഗ് സമയവും ഡ്യൂട്ടിയും പുനഃക്രമീകരിക്കും.

പുതിയ ക്രമീകരണം അനുസരിച്ച്, ഈ സർവീസുകൾ അംഗീകൃത സൂപ്പർ ഫാസ്റ്റ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും ദേശീയപാതകളിലെ സർവീസ് റോഡുകളിൽ നിർദ്ദേശിച്ചിട്ടുള്ള സ്റ്റോപ്പുകളിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.

ജനപ്രതിനിധികളും യാത്രക്കാരും ഗതാഗത വകുപ്പ് മന്ത്രി മുഖേന നൽകിയ നിവേദനങ്ങളും ഒക്ടോബർ 16-ന് കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി നൽകിയ കത്തും പരിഗണിച്ചാണ് തീരുമാനം.

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) പുറപ്പെടുവിച്ച മെമ്മോറാണ്ടത്തിൽ, ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശം നൽകി പരാതിരഹിതമായി സർവീസുകൾ നടത്തണമെന്ന് യൂണിറ്റ് ഓഫീസർമാരോട് നിർദ്ദേശിച്ചു. നോട്ടീസ് ബോർഡ്, ബസ്, ഓൺലൈൻ റിസർവേഷൻ, ഡെസ്റ്റിനേഷൻ ബോർഡുകൾ എന്നിവയിൽ ആവശ്യമായ മാറ്റങ്ങളും വരുത്തണം.

Enable Notifications OK No thanks