ആഗോളതലത്തിൽ സ്ത്രീകളെ ബാധിക്കുന്ന പ്രധാന അർബുദങ്ങളിലൊന്നായ സ്തനാർബുദം ഇന്ത്യയിലും വലിയ ആരോഗ്യപ്രശ്നമായി തുടരുന്നു. 2024-ൽ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ സ്തനാർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓരോ 29 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വ്യക്തമാക്കി.
സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി പ്രത്യേക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അവരുടെ പ്രതികരണം. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനായാൽ ഫലപ്രദമായ ചികിത്സയിലൂടെ ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടി. ബോധവത്കരണവും പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും പലരിലും രോഗനിർണയം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ത്രീകൾ പതിവായി ആരോഗ്യപരിശോധന നടത്തുന്നതിനൊപ്പം സ്വയം സ്തനപരിശോധനയ്ക്കും പ്രാധാന്യം നൽകണം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെയും ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളുടെയും സേവനങ്ങൾ പ്രയോജനപ്പെടുത്തി കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ഉറപ്പാക്കണമെന്നും ആരോഗ്യ സെക്രട്ടറി നിർദേശിച്ചു.
നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നാഷണൽ പ്രോഗ്രാമിന് (NP-NCD) കീഴിൽ രാജ്യവ്യാപകമായി 86.97 കോടി പരിശോധനകൾ നടത്തിയതായും അവർ അറിയിച്ചു. ഇതിൽ 49.02 കോടി വായിലെ അർബുദ പരിശോധനകളും 22.90 കോടി സ്തനാർബുദ പരിശോധനകളും 14.05 കോടി ഗർഭാശയമുഖ അർബുദ പരിശോധനകളുമാണ്.
സ്തനാർബുദം: സ്വയം പരിശോധന എപ്പോൾ നടത്തണം?
സ്തനാർബുദം നേരത്തെ തിരിച്ചറിയുന്നതിൽ സ്വയം പരിശോധനയ്ക്ക് പ്രധാന പങ്കുണ്ട്. കൃത്യമായ ആർത്തവചക്രമുള്ള സ്ത്രീകൾ മാസമുറ കഴിഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിൽ പരിശോധന നടത്തുന്നതാണ് ഉചിതം. ആർത്തവം നിലച്ചവർ എല്ലാ മാസവും ഒരേ ഇടവേളയിൽ സ്വയം പരിശോധന നടത്തണം.
എങ്ങനെ സ്വയം പരിശോധിക്കാം?
കണ്ണാടിക്ക് മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിച്ചുകൊണ്ടാണ് പരിശോധന ആരംഭിക്കേണ്ടത്. രണ്ടു മാറിടങ്ങളുടെയും വലിപ്പത്തിലോ ആകൃതിയിലോ മാറ്റമുണ്ടോ, മുലക്കണ്ണുകളിൽ വ്യത്യാസം പ്രകടമാണോ, ചർമത്തിന് നിറവ്യത്യാസമോ ചുളിവുകളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. മാറിടങ്ങളിലും കക്ഷഭാഗങ്ങളിലും മുഴകളുണ്ടോയെന്നും പരിശോധിക്കണം.
തുടർന്ന് കൈവിരലുകളുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും കക്ഷഭാഗങ്ങളും സാവധാനം പരിശോധിക്കാം. ചെറിയ മുഴകളോ അസാധാരണമായ തടിപ്പുകളോ ഉണ്ടെങ്കിൽ തിരിച്ചറിയാൻ ഇത് സഹായിക്കും. മുലക്കണ്ണുകളിൽനിന്ന് അസാധാരണമായ സ്രവം വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം.
എന്നാൽ സ്വയം പരിശോധനയിൽ കണ്ടെത്തുന്ന എല്ലാ മാറ്റങ്ങളും അർബുദത്തിന്റെ ലക്ഷണമാകണമെന്നില്ല. മാറിടങ്ങളിൽ കാണപ്പെടുന്ന മുഴകളിൽ വലിയൊരു വിഭാഗവും കാൻസർ അല്ലാത്ത മറ്റ് രോഗാവസ്ഥകൾ മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ എന്തെങ്കിലും അസാധാരണ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ സ്വയം നിഗമനത്തിലെത്താതെ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം.
വേദനയില്ലാത്ത മുഴകളും അവഗണിക്കരുത്
സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് വേദനയില്ലാത്ത മുഴയാണ്. വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്തതിനാൽ പലരും പരിശോധനയും ചികിത്സയും വൈകിപ്പിക്കാറുണ്ട്. എന്നാൽ രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ വേദന അനുഭവപ്പെടണമെന്നില്ല. അതിനാൽ വേദനയില്ലെന്ന കാരണത്താൽ മാറിടങ്ങളിലെ മുഴകളെയും മറ്റ് മാറ്റങ്ങളെയും അവഗണിക്കുന്നത് അപകടകരമാണ്.
രോഗം നേരത്തെ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാകുന്നതിനൊപ്പം സ്തനം മുഴുവനായി നീക്കം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനും ചിലരിൽ സാധിക്കും. റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ ആവശ്യകത കുറയ്ക്കാനോ ചികിത്സയുടെ തീവ്രത നിയന്ത്രിക്കാനോ പ്രാരംഭ രോഗനിർണയം സഹായിച്ചേക്കാം. എന്നാൽ ചികിത്സാരീതി രോഗത്തിന്റെ ഘട്ടവും മറ്റ് ആരോഗ്യഘടകങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്.
സ്തനാർബുദം എങ്ങനെ കണ്ടെത്താം?
ഡോക്ടറുടെ ക്ലിനിക്കൽ പരിശോധനയാണ് രോഗനിർണയത്തിലെ ആദ്യഘട്ടങ്ങളിലൊന്ന്. തുടർന്ന് രോഗിയുടെ പ്രായവും ലക്ഷണങ്ങളും പരിഗണിച്ച് മാമോഗ്രാം, അൾട്രാസൗണ്ട്, എംആർഐ തുടങ്ങിയ പരിശോധനകൾ നിർദേശിക്കാം. ആവശ്യമായ സാഹചര്യങ്ങളിൽ മറ്റ് ഇമേജിങ് പരിശോധനകളും നടത്തും.
മാറിടത്തിലെ സംശയാസ്പദമായ മുഴയിൽനിന്ന് കോശങ്ങളോ കലകളോ ശേഖരിച്ച് പരിശോധിക്കുന്നതും രോഗനിർണയത്തിൽ പ്രധാനമാണ്. ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC), കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി തുടങ്ങിയ പരിശോധനകളിലൂടെ മുഴയുടെ സ്വഭാവം തിരിച്ചറിയാൻ കഴിയും.
ചികിത്സയ്ക്ക് കൂട്ടായ സമീപനം ആവശ്യമാണ്
സ്തനാർബുദ ചികിത്സ രോഗത്തിന്റെ ഘട്ടമനുസരിച്ചാണ് തീരുമാനിക്കുന്നത്. ശസ്ത്രക്രിയയ്ക്കൊപ്പം ആവശ്യാനുസരണം റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും നൽകാം. ചില രോഗികൾക്ക് മറ്റ് തുടർചികിത്സകളും ആവശ്യമായി വരും.
ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ് തുടങ്ങിയ വിദഗ്ധർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ ഏകോപിതമായ ഇടപെടലാണ് ചികിത്സയിൽ പ്രധാനം. രോഗിയുടെ മാനസികാരോഗ്യവും ചികിത്സയുടെ ഭാഗമായിത്തന്നെ പരിഗണിക്കണം. ദീർഘകാലം വിഷാദമോ മാനസിക സംഘർഷങ്ങളോ അനുഭവപ്പെടുന്നവർക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ലഭ്യമാക്കണം.
ബോധവത്കരണം, കൃത്യമായ പരിശോധന, രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കൽ എന്നിവയിലൂടെ സ്തനാർബുദം മൂലമുള്ള ഗുരുതര പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കും. മാറിടങ്ങളിൽ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ വൈദ്യസഹായം തേടുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.


