തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഉറപ്പാക്കണം; പന്ന്യന്‍ രവീന്ദ്രന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത ഉറപ്പാക്കിയാലേ ജനാധിപത്യം ശക്തിപ്പെടുകയുള്ളുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് നടത്തേണ്ടതെങ്ങനെയെന്ന്, ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നു. തിരഞ്ഞെടുപ്പില്‍ പരമാവധി ജനങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകണം എന്ന് തീരുമാനിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്ര ഭരണഘടന പദവി നല്‍കിയത്. ഭരണകക്ഷിയുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വേദിയായി അത് മാറരുതെന്ന് ഭരണഘടനാ നിര്‍മ്മാണ സഭ തീരുമാനിച്ചു. രാജ്യത്തെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ജഡ്ജി എന്നിവര്‍ ചേര്‍ന്ന് കമ്മിഷനെ തിരഞ്ഞെടുക്കുന്നത് നിഷ്പക്ഷത ഉറപ്പാക്കാനാണ്. എന്നാല്‍ അതിനെ 2023 ല്‍ അട്ടിമറിച്ച് സുപ്രീം കോടതി ജഡ്ജിക്ക് പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കേന്ദ്രമന്ത്രിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധമായാണ്. എല്ലാത്തിനും രേഖയായി അംഗീകരിച്ചിട്ടുള്ള ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെടുത്തിയാല്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ അതിന് സര്‍ക്കാര്‍ തയ്യാറല്ല എന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളെയും ദളിതുകളെയും വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കി ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന മത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രക്രിയ അടിമുടി മാറണമെന്നും സുതാര്യത ഉറപ്പാക്കാന്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ നേതാവായിരുന്ന എം.എന്‍.വി.ജി.അടിയോടിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗണ്‍സില്‍, സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍, സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എം.എന്‍.വി.ജി.അടിയോടി ഹാളില്‍ നടന്ന ‘ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.എല്‍.സുധാകരന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.സജീവ് സ്വാഗതവും സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.ഹരിശ്ചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ പ്രസിഡന്റ് പി.ചന്ദ്രസേനന്‍, ജോയിന്റ് കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ പി.ശ്രീകുമാര്‍, സംസ്ഥാന സെക്രട്ടറി വി.കെ.മധു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.അജയകുമാര്‍, യു.സിന്ധു, വി.ശശികല, ജി.സജീബ്കുമാര്‍, തിരു.സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി, സെക്രട്ടറി ആര്‍.കലാധരന്‍, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല എന്നിവര്‍ സംസാരിച്ചു.

Join Community
Enable Notifications OK No thanks