കാസർകോടിന്റെ ചരിത്രം ഒഴിവാക്കിക്കൊണ്ട് കേരളത്തിന് ഒരു ചരിത്രമില്ലെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്. സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച ‘കാസർകോട് പുരാതത്ത്വ സർവ്വേ 2026’-ന്റെ ഉദ്ഘാടനം നീലേശ്വരം എൻ.കെ.ബി. മെമ്മോറിയൽ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന കാസർകോടിന്റെ ചരിത്ര വേരുകൾ ശിലായുഗത്തോളം ആണ്ടു കിടക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കാസർകോട് വന്നാൽ തിരിച്ചു പോകാൻ തോന്നാത്ത ഇടം കൂടിയാണ്. കാസർകോടിനെ മാറ്റി നിർത്തി ആർക്കും മുന്നോട്ടുപോകാനാകില്ല . അധികാരസ്ഥാനത്തുള്ളവർക്കും കാസർകോടിനെ അവഗണിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞുകാസർകോട് നിന്നും ശിലായുഗത്തെത്തുടർന്നുള്ള ഇരുമ്പുയുഗത്തിലെ ചെങ്കൽഗുഹകളും കുടക്കല്ലുകളും ഉൾപ്പെടെയുള്ള മഹാശിലാസ്മാരകങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം. ആലുപരുടെയും നാട്ടുവാഴികളുടെയും വിജയനഗര സാമ്രാജ്യത്തിന്റെയും ഇക്കേരി നായ്ക്കന്മാരുടെയും യൂറോപ്യൻ ശക്തികളുടെയും ഭരണത്തിൻ കീഴിലൂടെ കടന്നുവന്ന സുദീർഘമായ ചരിത്രമാണ് ജില്ലയ്ക്കുള്ളത്. ഈ ചരിത്ര-പുരാതത്ത്വ തെളിവുകൾ അടയാളപ്പെടുത്തുന്നതിനും സമഗ്രമായി ഡോക്യുമെന്റ് ചെയ്യുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര സർവ്വേ പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ സന്ദീപ് വാര്യർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. . ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ., ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വാർഡ് കൗൺസിലർ വി.വി. രാജം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഫൈസൽ, ടി.സി.എ. റഹ്മാൻ, എം. രാജൻ, പി. വിജയകുമാർ, പി.യു. വിജയകുമാർ, ടി.വി. ഉമേഷൻ, വിനോദ് മാത്യു, ആന്റക്സ് ജോസഫ്, സുനിൽ കുമാർ ചാത്തമത്ത്, വി.വി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സ്വാഗതവും. സർവ്വേ കോ-ഓർഡിനേറ്റർ കെ. കൃഷ്ണരാജ് നന്ദിയും പറഞ്ഞു
സർവ്വേയുടെ ഭാഗമായി തഞ്ചാവൂർ തമിഴ് സർവ്വകലാശാല റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി. സെൽവകുമാർ നയിച്ച ‘പുരാതത്ത്വ സർവ്വേ-രീതികളും പ്രയോഗവും’ എന്ന വിഷയത്തിൽ പഠന ക്ലാസും സംഘടിപ്പിച്ചു.
പുതുതലമുറ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുറച്ച് പ്രകൃതിയോട് കൂടുതൽ അടുത്തിടപഴകണമെന്ന് യുവജനക്ഷേമ, കായിക, പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന റാണിപുരം ട്രെക്കിംഗ് ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ക്രീൻ ടൈമിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ശീലം കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. മലകളും കാടുകളും പുഴകളും ഉൾപ്പെടുന്ന പ്രകൃതിയുടെ വൈവിധ്യം നേരിട്ടറിയുന്നതിലൂടെ യുവാക്കൾക്ക് മാനസികവും ശാരീരികവുമായ ഉണർവ് ലഭിക്കും. സാഹസിക പ്രവർത്തനങ്ങളിലൂടെയും പ്രകൃതി സഞ്ചാരങ്ങളിലൂടെയും പുതിയ അനുഭവങ്ങളും കൂട്ടായ്മയുടെ മനോഭാവവും വളർത്തിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങളിൽ സാഹസികതയും പ്രകൃതിസ്നേഹവും വളർത്തുന്നതിനും ലഹരിയിൽ നിന്നും മറ്റ് ദുശ്ശീലങ്ങളിൽ നിന്നും അകറ്റിനിർത്തുന്നതിനും ഇത്തരം ക്യാമ്പുകൾ സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ട്രക്കിംഗിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകണം കായികക്ഷമത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജെൻസി തലമുറ കളിക്കളം വീണ്ടെടുക്കണമെന്നും മന്ത്രി പറഞ്ഞു യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ വിവിധ തലങ്ങളിൽ കേരളോത്സവം നടത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു
ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലാണ് റാണിപുരം ട്രെക്കിംഗ് ക്യാമ്പ് നടക്കുന്നത്. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ, , ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ സ്നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ജി.ആർ. രതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി. ഷിലാസ് എന്നിവർ പങ്കെടുത്തു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി. പ്രണിത നന്ദിയും പറഞ്ഞു.

